ജിഎസ്ടിയും ആദായനികുതി ബില്ലും പീഡന ഉപകരണമെന്ന് കോണ്‍ഗ്രസ്
Wednesday, March 12, 2025 12:59 AM IST
ന്യൂഡൽഹി: ബ്ലാക്ക്മെയിലിംഗിനും പിടിച്ചുപറിക്കുമുള്ള പുതിയ ഉപകരണമായി ജിഎസ്ടി മാറിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്.
വ്യക്തികളുടെ ഫോണിലും ഇ-മെയിലിലും സോഷ്യൽ മീഡിയയിലും പോലും കടന്നുകയറി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന പുതിയ ആദായനികുതി ബില്ലും സർക്കാരിന്റെ പീഡന ഉപകരമാണെന്നും ദുരുദ്ദേശം വ്യക്തമാണെന്നും ലോക്സഭയിൽ മണിപ്പുർ ബജറ്റ് ചർച്ചയ്ക്കു തുടക്കം കുറിച്ച് ഗൊഗോയ് ആരോപിച്ചു.
ഹൈന്ദവ ക്ഷേത്രങ്ങളെപ്പോലും ചരക്കു സേവന നികുതിയിൽ (ജിഎസ്ടി) നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഗൊഗോയ് കുറ്റപ്പെടുത്തി. എന്നാൽ ക്ഷേത്രങ്ങളിൽ പ്രസാദം വിതരണം ചെയ്യുന്നതിനും ഏതാനും പൂജകൾക്കും ജിഎസ്ടി ഇല്ലെന്ന വിശദീകരണമാണ് ഇന്നലെ രാത്രി നടത്തിയ മറുപടി പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ നൽകിയത്.
ജിഎസ്ടി കൗണ്‍സിലിലെ 99.9 ശതമാനം തീരുമാനങ്ങളും ബിജെപി ഇതര സംസ്ഥാനങ്ങളുടെകൂടി അംഗീകാരത്തോടെ ഏകകണ്ഠമാണെന്നും ധനമന്ത്രി പറഞ്ഞു.