കർണാടക സ്വർണക്കടത്ത്: ഡിജിപി റാങ്ക് ഉദ്യോഗസ്ഥനെതിരേ അന്വേഷണം
Wednesday, March 12, 2025 12:59 AM IST
ബംഗളുരു: കന്നഡ നടി രന്യ റാവുവിന്റെ അറസ്റ്റിലേക്ക് നയിച്ച സ്വർണക്കടത്ത് കേസിൽ ഉദ്യോഗസ്ഥ, രാഷ്ട്രീയ ബന്ധം ചർച്ചയാകുന്നതിനിടെ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ.
രന്യയുടെ വളർത്തച്ഛനും ഡിജിപി റാങ്ക് ഉദ്യോഗസ്ഥനുമായ കെ.രാമചന്ദ്ര റാവുവിനു സ്വർണക്കടത്തിൽ പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിന് അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയെ സംസ്ഥാന സർക്കാർ നിയോഗിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് ഉത്തരവ് പുറത്തിറങ്ങിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. ലഭ്യമായ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനു നൽകണമെന്ന് ഡിജിപി ഉൾപ്പെടെ ഉന്നതർക്കു കോടതി നിർദേശം നൽകുകയും ചെയ്തു.
സംസ്ഥാന പോലീസ് ഹൗസിംഗ് ഡവലപ്മെന്റ് കോർപ്പറേഷൻ എംഡിയാണ് രാമചന്ദ്ര റാവു ഇപ്പോൾ. വിമാനത്താവളത്തിൽ പരിശോധനയില്ലാതെ പുറത്തെത്തുന്നതിന് ഇദ്ദേഹത്തിന്റെ പേര് വളർത്തുമകൾ കൂടിയായ രന്യ റാവു ഉപയോഗിച്ചതായാണ് സംശയം.