മണിപ്പുരിൽ വീടുകളും പള്ളികളും പുനർനിർമിക്കണം: ഫ്രാൻസിസ് ജോർജ്
Wednesday, March 12, 2025 2:32 AM IST
ന്യൂഡൽഹി: മണിപ്പുർ കലാപത്തിലെ ഇരകളുടെ ദുരിതാശ്വാസത്തിനും പുനധിവാസത്തിനും പുറമേ, തകർക്കപ്പെട്ട പള്ളികൾ അടക്കമുള്ള ആരാധനാലയങ്ങളുടെ പുനർനിർമാണത്തിനുമുള്ള ബജറ്റിലെ തുക തീർത്തും അപര്യാപ്തമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി.
ഭവനരഹിതർക്ക് വീടുകൾ നിർമിച്ചു നൽകുന്നതിനും തകർക്കപ്പെട്ട പള്ളികളുടെ പുനർനിർമാണത്തിനും മതിയായ തുക അനുവദിക്കണമെന്ന് ലോക്സഭയിൽ മണിപ്പുർ ബജറ്റ് ചർച്ചയിൽ ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
മണിപ്പുരിൽ ഭരണഘടനാക്രമം നിലനിർത്തുന്നതിലും പൗരന്മാരെ സംരക്ഷിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. ക്രൂരമായ അക്രമത്തിനിരയായ ക്രൈസ്തവർ ഉൾപ്പെടെയുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബജറ്റ് പരാജയപ്പെട്ടു. അടിയന്തര മാനുഷിക ആവശ്യങ്ങൾക്കു മതിയായ പരിഗണനപോലുമുണ്ടായില്ല.
ഇരകളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി 157 കോടി മാത്രം അനുവദിച്ചത് തീർത്തും അപര്യാപ്തമാണ്. അക്രമത്തിൽ ഭവനരഹിതരായവർക്കു പാർപ്പിടം, ഭക്ഷണം, വൈദ്യസഹായം എന്നിവയ്ക്കു മതിയായ പണം അനുവദിക്കണം. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്രം ഉറപ്പാക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
മണിപ്പുരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കുന്നതിനും വ്യക്തമായ കർമപദ്ധതി പ്രഖ്യാപിക്കണം. സംഘർഷത്തിന്റെ മൂലകാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണു പ്രധാനം. അനുരഞ്ജനത്തിനും വികസനത്തിനുമുള്ള ആത്മാർഥമായ ശ്രമങ്ങളില്ലാതെ രാഷ്ട്രപതി ഭരണത്തിലൂടെ മാത്രം ശാശ്വത സമാധാനം കൊണ്ടുവരാൻ കഴിയില്ലെന്നും ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി.
അതേസമയം, മണിപ്പുരിൽ ഏർപ്പെടുത്തിയ രാഷ്ട്രപതിഭരണത്തിന് പാർലമെന്റിന്റെ അനുമതി നേടുന്നതിനുമുന്പ് ബജറ്റ് അവതരിപ്പിച്ചതും ചർച്ച ചെയ്തതും പാസാക്കുന്നതും ഭരണഘടനാപരമായി തെറ്റും പാർലമെന്ററി കീഴ്വഴക്കങ്ങളുടെ ഗുരുതര ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടി എൻ.കെ. പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ ക്രമപ്രശ്നം ഉന്നയിച്ചു. എന്നാൽ അപാകതയില്ലെന്നായിരുന്നു സ്പീക്കർ ഓം ബിർളയുടെ റൂളിംഗ്.