ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ തീരുമാനം
Wednesday, March 12, 2025 2:32 AM IST
ന്യൂഡൽഹി: ജസ്റ്റിൻ ട്രൂഡോയുടെ പടിയിറങ്ങലിനു പിന്നാലെ കാനഡയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളുമായി ഇന്ത്യ. പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത മാർക്ക് കാർണി ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന സൂചന നൽകിയതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ നീക്കം.
ഇതിന്റെ ഭാഗമായി കാനഡയിലെ ഹൈക്കമ്മീഷണറെ പുനർനിയമിക്കാൻ ആലോചന തുടങ്ങി. ഇന്ത്യ പുറത്താക്കിയ കനേഡിയൻ നയതന്ത്ര പ്രതിനിധികൾക്കു പകരം പുതിയ നിയമനങ്ങൾ നടത്താൻ കാനഡയും നീക്കമാരംഭിച്ചിട്ടുണ്ട്.
കാനഡയിൽ വധിക്കപ്പെട്ട ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് പങ്കുണ്ടെന്ന തരത്തിൽ ട്രൂഡോ സർക്കാർ പ്രസ്താവനകൾ നടത്തിയതിനു പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്.
2023 ജൂണിലാണ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കടക്കം നേരിട്ടു പങ്കുണ്ടെന്ന് കനേഡിയൻ സർക്കാർ കഴിഞ്ഞവർഷം ആരോപണമുന്നയിച്ചിരുന്നു.
നിജ്ജാറുടെ കൊലപാതകം ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ അറിവോടെയാണെന്ന് കഴിഞ്ഞ ഒക്ടോബറിൽ ട്രൂഡോയും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാനഡയിലെ ഹൈക്കമ്മീഷണറായിരുന്ന സഞ്ജയ് കുമാർ വർമയെ ഇന്ത്യ തിരിച്ചുവിളിക്കുകയും ഇന്ത്യയിലെ ആക്ടിംഗ് ഹൈക്കമ്മീഷണറടക്കം ആറ് കനേഡിയൻ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ചെയ്തത്.
ഇന്ത്യ-കാനഡ ബന്ധത്തിലുണ്ടായ വിള്ളലുകൾ പരിഹരിച്ചു ബന്ധം മെച്ചപ്പെടുത്തുമെന്നാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതിന് ദിവസങ്ങൾക്കുമുന്പ് മാർക്ക് കാർണി പറഞ്ഞത്.
കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്) മേധാവി ഡാനിയേൽ റോജർസ് രഹസ്യാന്വേഷണ തലവന്മാരുടെ യോഗത്തിൽ പങ്കെടുക്കാൻ അടുത്തയാഴ്ച ന്യൂഡൽഹിയിലെത്തുന്നുണ്ട്.
അമേരിക്കയുടെ താരിഫ് യുദ്ധത്തിനെതിരേ വൈവിധ്യവത്കരണ നയത്തിലൂടെ ഏറ്റുമുട്ടുന്ന കാനഡ ഇന്ത്യയെ ഒരു പ്രധാന വ്യാപാര സഖ്യമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.