കേന്ദ്രത്തിനു തുക തിരിച്ചടയ്ക്കാനുള്ള ബാധ്യത വിഴിഞ്ഞം പദ്ധതിക്കു മാത്രം
Wednesday, March 12, 2025 2:32 AM IST
ന്യൂഡൽഹി: അടിസ്ഥാനസൗകര്യ പദ്ധതികൾ ലാഭകരമാക്കാൻ കേന്ദ്രസർക്കാർ അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് തിരിച്ചടയ്ക്കാനുള്ള ബാധ്യത കേരളത്തിനു മാത്രം.
വിജിഎഫ് അനുവദിച്ച പദ്ധതികളിൽ വരുമാനത്തിൽനിന്ന് കേന്ദ്രത്തിന് പ്രീമിയം തുക പങ്കിടണമെന്ന അധിക വ്യവസ്ഥയുള്ളത് വിഴിഞ്ഞം പദ്ധതിക്കു മാത്രമാണെന്ന് രാജ്യസഭയിൽ ജോണ് ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രധന മന്ത്രാലയം നൽകിയ മറുപടിയിൽനിന്നു വ്യക്തമായി.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആകെ ചെലവ് (ടിപിസി) 4089 കോടി രൂപയാണെന്ന് കേന്ദ്രം മറുപടിയിൽ ചൂണ്ടിക്കാട്ടി. പദ്ധതിച്ചെലവിന്റെ 20 ശതമാനമായ 818 കോടി രൂപ വിജിഎഫിലെ കേന്ദ്രസർക്കാരിന്റെ സംഭാവനയാണ്.
ഏകദേശം ഇത്രത്തോളം തുക വിജിഎഫിലെ സംസ്ഥാനത്തിന്റെ പങ്കായി കേരള സർക്കാരും സംഭാവനയായി നൽകിയിട്ടുണ്ട്. പ്രീമിയം-ഷെയറിംഗ് വ്യവസ്ഥ പ്രകാരം 2034 മുതൽ പദ്ധതിയിൽനിന്ന് കേരള സർക്കാരിന് ലഭിക്കുന്ന തുകയിലെ 20 ശതമാനം പ്രീമിയം കേന്ദ്രത്തിനു തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയുണ്ട്.
കേന്ദ്രസർക്കാർ വിജിഎഫിലൂടെ അനുവദിച്ച തുക പദ്ധതിലാഭത്തിന്റെ അന്നത്തെ മൂല്യമനുസരിച്ച് തിരിച്ചടയ്ക്കുന്നതുവരെയോ പദ്ധതി നടത്തിപ്പിന്റെ കണ്സഷൻ കാലാവധി അവസാനിക്കുന്നതുവരെയോ കേരളം തിരിച്ചു നൽകണമെന്നാണു നിബന്ധന.
എന്നാൽ വിജിഎഫ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നതിൽ കേന്ദ്രത്തിന് വരുമാനം പങ്കിടാനുള്ള ബാധ്യത ഏതൊക്കെ പദ്ധതികൾക്കുണ്ടെന്ന ബ്രിട്ടാസിന്റെ ചോദ്യത്തിന് വിഴിഞ്ഞം പദ്ധതിക്കു മാത്രമാണെന്നാണ് കേന്ദ്രം നൽകിയ മറുപടിയിലുള്ളത്.