പ്രധാനമന്ത്രി മോദി മണിപ്പുരിൽ പോകാത്തതെന്തെന്ന് ഗൊഗോയ്
Wednesday, March 12, 2025 2:32 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മണിപ്പുരിൽ എന്തുകൊണ്ടാണു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതെന്നും ഇനിയും മണിപ്പുരിൽ പോകാത്തതിനു കാരണമെന്തെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് ലോക്സഭയിൽ കോണ്ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്.
പ്രധാനമന്ത്രി രാജധർമം പാലിക്കണമെന്നും മണിപ്പുരിൽ സമാധാനം സ്ഥാപിക്കാൻ അവിട ത്തെ ജനങ്ങളുടെ ഭയവും ആശങ്കയും വേദനയും തിരിച്ചറിയണമെന്നും പാർലമെന്റിൽ മണിപ്പുരിനുള്ള ബജറ്റ് ചർച്ചയിൽ ഗൊഗോയ് ചൂണ്ടിക്കാട്ടി.
യുക്രെയ്നിൽ സമാധാനത്തിനു പോകുന്ന പ്രധാനമന്ത്രിക്ക് സ്വന്തം രാജ്യത്തെ മണിപ്പുർ സംസ്ഥാനം രണ്ടു വർഷത്തോളമായി കത്തിയെരിഞ്ഞിട്ടും തിരിഞ്ഞുനോക്കാത്തതിനെ ഒരിടത്തും ന്യായീകരിക്കാനാകില്ലെന്ന് ഇന്നർ മണിപ്പുരിലെ കോണ്ഗ്രസ് എംപി ഡോ. എ. ബിമോൽ അങ്കോയിജം പറഞ്ഞു.
21 മാസം നീണ്ട കലാപത്തിൽ കൊല്ലപ്പെട്ട ഹതഭാഗ്യരെക്കുറിച്ചോ 60,000 പേർ ഭവനരഹിതരായതിനെക്കുറിച്ചോ കൊടിയ പീഡനം അനുഭവിച്ച സ്ത്രീകളെക്കുറിച്ചോ പഠനം നഷ്ടമായ വിദ്യാർഥികളെക്കുറിച്ചോ ബജറ്റിൽ ഒന്നുമില്ല. വൻനഗരങ്ങളിൽ മാത്രം ശ്രദ്ധിക്കുന്ന സർക്കാരിന് മണിപ്പുരിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനു കാര്യമായൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുപിയിലോ ബിഹാറിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ആയിരുന്നെങ്കിൽ കലാപബാധിത സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിനുള്ള കേന്ദ്രസമീപനം ഇതാകുമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. തെറ്റുണ്ടായെങ്കിൽ തിരുത്താനുള്ള സമീപനം വേണം.
ഇത്രയും അവഗണനയ്ക്കും അവഹേളനത്തിനും ശേഷവും ഇന്ത്യാവിരുദ്ധ വികാരത്തിന് ജനങ്ങളെ കുറ്റപ്പെടുത്തുന്നതാണു വേദനിപ്പിക്കുന്നതെന്നും ഡോ. ബിമോൽ പറഞ്ഞു. കാർഷിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പോലും കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇന്ത്യയുടെ നിർമിതിയും സമാധാനവും സുരക്ഷയുമെന്നത് മണിപ്പുരിന്റേതുകൂടിയാണെന്നു സർക്കാർ മനസിലാക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത ഔട്ടർ മണിപ്പുരിലെ കോണ്ഗ്രസ് എംപി ആൽഫ്രഡ് ആർതർ പറഞ്ഞു. സമീപദശകങ്ങളിലെ ഏറ്റവും വലിയ അക്രമത്തിനിരയായ സംസ്ഥാനത്തിന്റെ പുനർനിർമാണത്തിന് ബജറ്റിൽ മുൻഗണന നൽകിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മണിപ്പുരിലടക്കം സമാധാനമില്ലാതെ പുരോഗതി ഉണ്ടാകില്ലെന്ന് അബ്ദുസമദ് സമദാനി അഭിപ്രായപ്പെട്ടു. ദാരിദ്ര്യനിർമാജനത്തിനും കഷ്ടതയനുഭവിക്കുന്നവരുടെ ഉന്നതിക്കുമുള്ള പദ്ധതികളാണ് മണിപ്പുരിലും രാജ്യത്തെല്ലായിടത്തും ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പുർ ഇന്ത്യയിൽ അല്ലേയെന്ന് ഡിഎംകെ എംപി ഡോ. റാണി ശ്രീകുമാർ ചോദിച്ചു.
കോണ്ഗ്രസ് സമ്മർദം മൂലമാണ് ബിരേൻ സിംഗിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് കോണ്ഗ്രസ് എംപി സപ്തഗിരി ശങ്കർ ഉലക അവകാശപ്പെട്ടു. ഇതിനിടെ ഗൗരവ് ഗൊഗോയിയും ധനമന്ത്രി നിർമലയും തമ്മിൽ ഏറെനേരം വാഗ്വാദമുണ്ടായി.
പ്രധാനമന്ത്രിയെ കോണ്ഗ്രസ് ഉപനേതാവ് അപമാനിച്ചെന്ന് നിർമല പറഞ്ഞു. മുൻ പ്രധാനമന്ത്രിമാരെയാകെ അപമാനിക്കുന്നതാണ് പ്രധാനമന്ത്രി പാർലമെന്റിൽ നടത്തിയ പ്രസംഗമെന്ന് ഗൗരവ് തിരിച്ചടിച്ചു. ബിജെപിയുടെ ഭരണപരാജയം അംഗീകരിക്കുന്നതാണു രാഷ്ട്രപതിഭരണമെന്ന് പ്രതിപക്ഷ എംപിമാർ കുറ്റപ്പെടുത്തി.
നഷ്ടപരിഹാരം, പുനരധിവാസം:മണിപ്പുരിന് 157 കോടി മാത്രം
ന്യൂഡൽഹി: രാഷ്ട്രപതിഭരണത്തിലുള്ള മണിപ്പുരിന് മൊത്തം 35,103.90 കോടി രൂപയുടെ ചെലവ് വിഭാവനം ചെയ്യുന്ന 2025-26 വർഷത്തേക്കുള്ള ബജറ്റ് ലോക്സഭ പാസാക്കി.
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മണിപ്പുർ ബജറ്റിൽ 157 കോടി രൂപ മാത്രമാണ് അക്രമങ്ങളിലെ ഇരകൾക്കു നഷ്ടപരിഹാരത്തിനും വീടു നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനുമായി വകയിരുത്തിയിട്ടുള്ളത്. എന്നാൽ, അക്രമസാധ്യതയുള്ള പ്രദേശങ്ങളിൽ നിയമിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള പ്രോത്സാഹനങ്ങൾക്കായി 2025-26 വർഷത്തേക്ക് 2,866 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
നടപ്പുവർഷത്തെ ബജറ്റിലെ മൊത്തം തുകയിൽനിന്ന് 35,103.90 കോടി രൂപയാണ് പുതിയ ബജറ്റിൽ കൂടുതൽ വകയിരുത്തിയതെന്ന് ധനമന്ത്രി പറഞ്ഞു. മൂലധന നിക്ഷേപത്തിനായുള്ള സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായത്തിനു കീഴിൽ 2,000 കോടിയിലധികം രൂപയും സാമൂഹികമേഖലാ വിഹിതത്തിന് 9,520 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
അക്രമങ്ങളിലെ ഇരകൾക്കു നഷ്ടപരിഹാരത്തിനായി ഏഴു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കുടിയിറക്കപ്പെട്ടവർക്കു താത്കാലിക അഭയത്തിനായി 15 കോടി രൂപയും പുനരധിവാസത്തിനുള്ള ഭവനനിർമാണത്തിനായി 35 കോടി രൂപയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപയുമാണ് വകയിരുത്തിയത്.