യുഎസ്എഐഡിയിൽനിന്ന് ഇന്ത്യക്കു സഹായം : ട്രംപിന്റെ വാദം തെറ്റെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്
സ്വന്തം ലേഖകൻ
Monday, February 24, 2025 2:48 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ഇന്ത്യക്ക് ദശലക്ഷക്കണക്കിന് ഡോളർ അമേരിക്ക നൽകിയിരുന്നുവെന്ന പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വാദം തള്ളി അമേരിക്കൻ ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്. ട്രംപ് പറഞ്ഞതിന് യാതൊരു രേഖയുമില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിൽ (യുഎസ്എഐഡി) നിന്ന് 2.1 കോടി ഡോളർ നൽകിയെന്നാണ് ട്രംപിന്റെയും അദ്ദേഹത്തിന്റെ ഉറ്റമിത്രവും വ്യവസായിയുമായ ഇലോണ്‍ മസ്ക് നേതൃത്വം നൽകുന്ന ‘ഡോജിന്റെയും’ വാദം. 2008 മുതൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഒരു പദ്ധതിക്കും യുഎസ്എഐഡിയിൽനിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നത്.
പേര് വെളിപ്പെടുത്താൻ തയാറാകാത്ത ചില അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടാണ് ട്രംപിന്റെ വാദം തെറ്റാണെന്ന് പത്രം അവകാശപ്പെടുന്നത്. ഇന്ത്യക്കല്ല മറിച്ച് ബംഗ്ലാദേശിനാണു സഹായം നൽകിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മറ്റു പദ്ധതികൾക്കുള്ള സഹായവുമായി കൂട്ടിക്കുഴയ്ക്കുകയാണെന്ന് തോന്നുന്നതായും ഉദ്യോഗസ്ഥർ അവകാശപ്പെട്ടതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് അമേരിക്കൻ ഫണ്ട് ലഭിച്ചുവെന്ന ആരോപണം ബിജെപി കോണ്‍ഗ്രസിനെതിരേ ആയുധമാക്കിയിരുന്നു. വോട്ടിംഗ് പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ സന്നദ്ധസംഘടനകൾക്കു നൽകിയ ഫണ്ട് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നായിരുന്നു ബിജെപിയുടെ ആരോപണം.
പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ബിജെപിയുടെ നുണപ്രചാരണം പൊളിഞ്ഞെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. കൃത്യമായ രേഖകൾ പുറത്തുവിടാൻ സർക്കാർ തയാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആരോപണങ്ങൾ ഉന്നയിക്കുന്ന ബിജെപി ഫണ്ടിന്റെ ഗുണഭോക്താക്കളാണെന്ന് കോണ്‍ഗ്രസ് വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടി.