മുസ്ലിം സ്ത്രീകളുടെ അനന്തര സ്വത്തവകാശം : സമരം താത്കാലികമായി അവസാനിപ്പിച്ച് വി.പി. സുഹ്റ
സ്വന്തം ലേഖകൻ
Monday, February 24, 2025 2:48 AM IST
ന്യൂഡൽഹി: മുസ്ലിം സ്ത്രീകളുടെ അനന്തര സ്വത്തവകാശവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തക വി.പി. സുഹ്റ ഡൽഹിയിലെ ജന്തർ മന്തറിൽ ആരംഭിച്ച നിരാഹാരസമരം അവസാനിപ്പിച്ചു.
അനന്തരസ്വത്തിൽ മുസ്ലിം പുരുഷന് തുല്യമായ അവകാശം മുസ്ലിം സ്ത്രീക്കും അനുവദിക്കുക, മുസ്ലിം വ്യക്തിനിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ രാവിലെയാണു സുഹ്റ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. എന്നാൽ ഉച്ചകഴിഞ്ഞ് 3.30 ഓടെ സുഹ്റയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനുവദിച്ചതിലും കൂടുതൽ സമയം സമരം തുടർന്ന സാഹചര്യത്തിലായിരുന്നു പോലീസ് നടപടി. സ്റ്റേഷനിൽ എത്തിച്ചശേഷം പാർലമെന്റ് സ്ട്രീറ്റ് പോലീസ് സുഹ്റയെ ജാമ്യത്തിൽ വിട്ടു.
ജാമ്യം ലഭിച്ചതിനു പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നോടു ഫോണിൽ സംസാരിച്ചതായും വിഷയത്തിൽ വേണ്ട ഇടപെടൽ നടത്താമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തതായും സുഹ്റ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ കേന്ദ്ര നിയമമന്ത്രി, ന്യൂനപക്ഷകാര്യ മന്ത്രി എന്നിവരെ കാണാനുള്ള ശ്രമം നടത്തും. പ്രിയങ്ക ഗാന്ധിയെയും കാണും. അതുവരെ ഡൽഹിയിൽ തുടരുമെന്നും സുഹ്റ പറഞ്ഞു. സമരം അവസാനിപ്പിച്ചതു താത്കാലികമായിട്ടാണെന്നും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
നിശബ്ദരാക്കപ്പെട്ടവർക്കുവേണ്ടിയാണ് താൻ ശബ്ദിക്കുന്നതെന്നും 2016 മുതൽ സുപ്രീംകോടതിയിൽ കേസുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനും കേന്ദ്രത്തിനും നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്നും സുഹ്റ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ജന്തർമന്തറിൽ ഒറ്റയ്ക്കായിരുന്നു നിരാഹാരസമരം ആരംഭിച്ചത്. നിരവധി നേതാക്കൾ പിന്തുണയർപ്പിച്ചെങ്കിലും സമരപ്പന്തലിൽ പ്രധാന നേതാക്കൾ ആരും എത്തിയില്ല.