കുടുംബാസൂത്രണം: ലോക്സഭാ സീറ്റുകൾ കുറയാന്‍ സാധ്യതയുണ്ടെന്ന് എം.കെ. സ്റ്റാലിന്
Monday, February 24, 2025 2:48 AM IST
ചെന്നൈ: കുടുംബാസൂത്രണം കാര്യക്ഷമമായി നടപ്പാക്കിയതിനാല്‍ തമിഴ്നാട്ടിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്.
ലോക്സഭാ പരിധിനിര്‍ണയം, കൂടുതല്‍ കുട്ടികളെക്കുറിച്ചു ചിന്തിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചേക്കാമെന്നായിരുന്നു സ്റ്റാലിന്റെ വാക്കുകള്‍. ഇന്നലെ കൊളത്തൂര്‍ മണ്ഡലത്തില്‍ ഡിഎംകെ പ്രവര്‍ത്തകന്റെ വിവാഹത്തില്‍ പങ്കെടുത്ത സ്റ്റാലിന് നവദമ്പതികളോട്, തങ്ങളുടെ കുട്ടികള്‍ക്ക് ശരിയായ തമിഴ് പേരുകള്‍ നല്‍കണമെന്നു നിര്‍ദേശിച്ചതും രാഷ്ട്രീയശ്രദ്ധ നേടിയിരുന്നു. 39 ലോക്സഭാ സീറ്റുകളാണ് നിലവില്‍ തമിഴ്നാട്ടിലുള്ളത്. പുനര്‍നിര്‍ണയം നടപ്പായാല്‍ തമിഴ്നാട്ടില്‍ ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.