ശക്തികാന്ത ദാസ് പ്രധാനമന്ത്രിയുടെ രണ്ടാം പ്രിന്‍സിപ്പല്‍ സെക്രട്ടറി
Sunday, February 23, 2025 1:00 AM IST
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
2019 സെപ്റ്റംബർ 11 മുതൽ പി.കെ. മിശ്ര പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുകയാണ്. 2018 മുതല്‍ ആറുവര്‍ഷം റിസര്‍വ് ബാങ്കിനെ നയിച്ച ശക്തികാന്ത ദാസ് കേന്ദ്രസർക്കാരിന്റെ ഒട്ടേറെ സുപ്രധാന ചുമതലകളും നിർവഹിച്ചിരുന്നു. 1980 ബാച്ച് തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
ദാസിന്റെ നിയമനത്തിനൊപ്പം നീതി ആയോഗ് സിഇഒ ബി.വി.ആര്. സുബ്രഹ്മണ്യന്റെ കാലാവധി തിങ്കളാഴ്ച മുതല്‍ ഒരു വര്‍ഷത്തേക്കു നീട്ടുകയും ചെയ്തു. 2023 ഫെബ്രുവരിയിലാണ് 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥാനായ ബി.വി.ആര്. സുബ്രഹ്മണ്യനെ നീതി ആയോഗ് തലപ്പത്ത് നിയമിച്ചത്.