തെലുങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Sunday, February 23, 2025 1:00 AM IST
ഹൈദരാബാദ്: തെലുങ്കാനയിലെ നാഗര്‍കുര്‍ണൂലിൽ ശ്രീശൈലം ഡാമിനു സമീപമുള്ള തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ ഉള്ളിൽ കുടുങ്ങി.
നാഗർകുർണൂലെ അംറബാദിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ (എസ്എൽബിസി) പദ്ധതിപ്രദേശത്ത് ഇന്നലെയുണ്ടായ അപകടത്തിൽ രണ്ട് എൻജിനിയർമാരും രണ്ട് മെഷിൻ ഓപ്പറേറ്റർമാരും നാല് തൊഴിലാളികളുമാണു കുടുങ്ങിയത്. ഇന്നു പുലർച്ചയോടെ രക്ഷാപ്രവർത്തകർ അപകടസ്ഥലത്ത് എത്തുമെന്നാണ് പ്രതീക്ഷ.
ഉത്തരാഖണ്ഡിൽ കഴിഞ്ഞവർഷമുണ്ടായ സമാനമായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വിദഗ്ധരുടെ സേവനം തേടിയിട്ടുണ്ട്. കരസേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്നലെ രാത്രി മന്ത്രി അറിയിച്ചു. അപകടസ്ഥലത്ത് ഓക്സിജൻ ഉൾപ്പെടെ ലഭ്യമാണോ എന്ന ചോദ്യത്തിന്, ടണലിനുള്ളിൽ വായുസഞ്ചാരത്തിനു പ്രശ്നമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
തുരങ്കത്തിൽനിന്ന് 14 കിലോമീറ്റർ ഉള്ളിലാണ് തൊഴിലാളികൾ. പുറത്തുനിന്നു വലിയ ശബ്ദം കേട്ടതിനു പിന്നാലെ തുരങ്കത്തിലേക്ക് വലിയ തോതിൽ വെള്ളവും മണലും പ്രവഹിക്കുകയായിരുന്നു.
ഇതിന്റെ കുത്തൊഴുക്ക് വർധിച്ചതോടെ തൊഴിലാളികളോടു പുറത്തുപോരാൻ നിർദേശിക്കുകയായിരുന്നു. തുരങ്കത്തിന്റെ ഒരു ഭാഗത്തെ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്തു കയറിയപ്പോഴാണ് അത്യാഹിതം.
ഏറെനാളായി അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഏതാനും ദിവസം മുമ്പാണ് തുറന്നതെന്നു പ്രദേശവാസികൾ അറിയിച്ചു.