ഡൽഹിയിൽ അതിഷി പ്രതിപക്ഷ നേതാവ്
സ്വന്തം ലേഖകൻ
Monday, February 24, 2025 2:48 AM IST
ന്യൂഡൽഹി: ആം ആദ്മി നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി മർലേനയെ ഡൽഹി നിയമസഭ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു. ഡൽഹി നിയമസഭയിൽ പ്രതിപക്ഷനേതാവാകുന്ന ആദ്യ വനിതയാണ് അതിഷി. ഇതോടെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വനിതകളാണെന്ന പ്രത്യേകതകൂടി ഡൽഹിക്കു സ്വന്തം.
ഡൽഹിയിൽ പ്രതിപക്ഷശബ്ദമാകുന്നതിന് തന്നിൽ വിശ്വാസം അർപ്പിച്ചതിന് ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാളിനും പാർട്ടിക്കും അതിഷി നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാകുമെന്നും അവർ പറഞ്ഞു. ആംആദ്മിയുടെ പ്രധാന നേതാക്കളിൽ പരാജയം രുചിക്കാതിരുന്നതിൽ ഒരാൾ അതിഷിയായിരുന്നു. കൽക്കാജി മണ്ഡലത്തിൽനിന്ന് ബിജെപിയുടെ മുൻ എംപി രമേശ് ബിധുരിയെ 3,500 വോട്ടുകൾക്കു തോൽപ്പിച്ചാണ് അതിഷി നിയമസഭയിലെത്തിയത്.
70 അംഗ നിയമസഭയിൽ 22 സീറ്റുകളാണ് ആംആദ്മിക്കു ലഭിച്ചത്. 48 സീറ്റ് നേടിയ ബിജെപി രണ്ട് പതിറ്റാണ്ടുകൾക്കുശേഷം അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു. പുതിയ നിയമസഭയുടെ ആദ്യസമ്മേളനം ഇന്നു നടക്കും. സ്പീക്കറെ ഈ സമ്മേളനത്തിൽ തെരഞ്ഞെടുക്കും. ബിജെപി നേതാവ് വിജേന്ദർ ഗുപ്തയെ സ്പീക്കറായി നാമനിർദേശം ചെയ്തിരുന്നു. അരവിന്ദർ സിംഗ് ലവ്ലിയായിരിക്കും പ്രോ ടേം സ്പീക്കർ.