വനിതാദിനം: മോദിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വനിതകൾ കൈകാര്യം ചെയ്യും
സ്വന്തം ലേഖകൻ
Monday, February 24, 2025 2:48 AM IST
ന്യൂഡൽഹി: വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ടിന് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വനിതകൾ കൈകാര്യം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്നേദിവസം വ്യത്യസ്ത മേഖലകളിൽ വിജയം വരിച്ച വനിതകൾ തങ്ങളുടെ ജോലികളെക്കുറിച്ചും അനുഭവങ്ങളെപ്പറ്റിയും സംസാരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘മൻ കി ബാത്തി’ലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.
സ്ത്രീകളുടെ വിജയത്തെ ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യാമെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി വ്യത്യസ്ത മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചുവരുന്നതിനെ പ്രശംസിക്കുകയും ചെയ്തു. സമാനമായി 2020ലും വനിതാദിനത്തോടനുന്പന്ധിച്ച് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന ഏഴു സ്ത്രീകൾക്ക് പ്രധാനമന്ത്രി കൈമാറിയിരുന്നു.
രാജ്യത്ത് വർധിച്ചുവരുന്ന പൊണ്ണത്തടി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മോദി മൻ കി ബാത്തിലൂടെ ജനങ്ങളോട് അഭ്യർഥിച്ചു. എട്ടുപേരിൽ ഒരാൾക്ക് പൊണ്ണത്തടി ഉള്ളതായും കുട്ടികളിൽ ഇതു നാലിരട്ടിയായി വർധിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി.
ഒളിന്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര ഉൾപ്പെടെയുള്ള ചില വ്യക്തികളുടെ ഓഡിയോ സന്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് പ്രധാനമന്ത്രി ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ‘മൻ കി ബാത്തി’ൽ പറഞ്ഞത്. ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് അദ്ദേഹം ആശംസകളും നേർന്നു.