മണിപ്പുർ: ബിജെപിക്ക് നിക്ഷിപ്ത താത്പര്യമെന്ന് ഖാർഗെ വീണ്ടും
Sunday, January 5, 2025 2:01 AM IST
ന്യൂഡൽഹി: മണിപ്പുരിൽ കലാപം അവസാനിക്കാത്തതിൽ ബിജെപിക്ക് നിക്ഷിപ്ത താത്പര്യമുണ്ടെന്ന് ആവർത്തിച്ച് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജധർമം പാലിക്കാത്ത പ്രധാനമന്ത്രിക്ക് ഭരണഘടനാപരമായ കുറ്റത്തിൽനിന്ന് രക്ഷപ്പെടാൻ ആകില്ലെന്ന് സമൂഹ മാധ്യമമായ എക്സിൽ അദ്ദേഹം കുറ്റപ്പെടുത്തി.
കാങ്പോക്പി ജില്ലയിൽ ജനക്കൂട്ടം പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് അക്രമിച്ചതിനു പിന്നാലെയാണ് ഖാർഗെ എക്സിൽ പോസ്റ്റിട്ടത്. ഇംഫാൽ ഈസ്റ്റ് ജില്ലയുടെ അതിർത്തിയിലുള്ള സൈബോൾ ഗ്രാമത്തിൽ നിന്ന് കേന്ദ്രസേനയെ നീക്കംചെയ്യുന്നതിൽ പോലീസ് സൂപ്രണ്ട് പരാജയപ്പെട്ടുവെന്നാരോപിച്ചായിരുന്നു ആക്രമണം.
കലാപം പൊട്ടിപ്പുറപ്പെട്ട 2023 മേയ്ക്കുശേഷം ഇതുവരെ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാത്തതെന്നും ഖാർഗെ ചോദിച്ചു. 600 ദിവസം പിന്നിട്ട കലാപം വ്യാപിക്കുകയാണ്. ഗ്രാമങ്ങൾ പലതും ഇല്ലാതായി.
പ്രധാനമന്ത്രിയുടെ അസാന്നിധ്യം മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ ഖേദപ്രകടനത്തിന്റെ മാറ്റ് കെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.