ആണവ ശാസ്ത്രജ്ഞൻ ആർ. ചിദംബരം അന്തരിച്ചു
Sunday, January 5, 2025 2:01 AM IST
ന്യൂഡൽഹി: രാജ്യത്തിന്റെ ആണവായുധ പദ്ധതികളുടെ ശില്പിയെന്നു വിശേഷിപ്പിക്കുന്ന വിഖ്യാത ആണവശാസ്ത്രജ്ഞൻ ആർ. ചിദംബരം (88) അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലർച്ചെ 3.20നായിരുന്നു അന്ത്യം.
പൊഖ്റാനിൽ 1974ലും 1998ലും ഇന്ത്യ നടത്തിയ ആണവപരീക്ഷണങ്ങളിൽ മുഖ്യപങ്കുവഹിച്ച രാജഗോപാല ചിദംബരം എന്ന ആർ. ചിദംബരം ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനെന്ന നിലയിലും ശ്രദ്ധേയനാണ്.
‘സ്മൈലിംഗ് ബുദ്ധ’ എന്ന പേരിൽ 1974ൽ നടത്തിയ ആണവപരീക്ഷണത്തിനായി മുംബൈയിൽനിന്ന് രാജസ്ഥാനിലെ പൊഖ്റാനിലേക്ക് പ്ലൂട്ടോണിയും എത്തിച്ചത് ആർ. രാജഗോപാലാണ്. 1998 മേയ് 11 മുതൽ 13 വരെ നടത്തിയ അഞ്ച് ആണവ പരീക്ഷണങ്ങൾക്കും നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. ഇതിനെത്തുടർന്നാണ് രാജ്യം ആണവായുധശേഷി കൈവരിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചത്.
പൊഖ്റാനിലെ പരീക്ഷണമേഖലയിൽ ആ ദിവസങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തുകയും ചെയ്തു. ആണവമാലിന്യങ്ങൾ അവശേഷിക്കാതെ സുരക്ഷിതമായാണു പരീക്ഷണം നടത്തിയെന്നു ബോധ്യപ്പെടുത്താനായിരുന്നു സന്ദർശനം.
കേന്ദ്രസർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്ന നിലയിൽ ഗ്രാമീണ ഇന്ത്യയിൽ പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതിലും വലിയ സംഭാവനകൾ നൽകി.
1936 നവംബർ 12നു ചെന്നൈയിലായിരുന്നു ജനനം. മീററ്റിലെ സനാതൻ ധർമ ഹൈസ്കൂൾ, മൈലാപ്പൂരിലെ പിബി ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ പ്രസിഡൻസി കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കിയശേഷം ബംഗളൂരു ഐഐടിയിൽ ബിരുദാനന്തരബിരുദം നേടി.
1962ൽ ബാബ ആറ്റോമിക് റിസർച്ച് സെന്ററിൽ (ബാർക്) ചേർന്ന അദ്ദേഹം 1990ൽ സ്ഥാപനത്തിന്റെ ഡയറക്ടർ പദവിയിലെത്തി. 1993 മുതൽ 2000 വരെ ആണവോർജ കമ്മീഷൻ ചെയർമാൻ, ആണവോർജ വകുപ്പ് സെക്രട്ടറി എന്നീ പദവികളിലും തുടർന്നു. വിരമിച്ചശേഷം 2001 മുതൽ 2018 വരെ കേന്ദ്ര സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവിന്റെ ചുമതലയും വഹിച്ചു. അന്താരാഷ്ട്ര ആണവോർജ സമിതിയുടെ ആഗോള സമ്മേളനങ്ങളിൽ ഒട്ടേറെത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ചു. ചെല്ലയാണു ഭാര്യ. മക്കൾ: നിർമല, നിത്യ.
ആണവരംഗത്ത് നല്കിയ സംഭാവനകളുടെ പേരില്‍ രാജ്യം 1975ൽ പത്മശ്രീയും 1999ൽ പത്മവിഭൂഷണും നല്കി ആദരിച്ചിരുന്നു. ഒട്ടേറെ സർവകലാശാലകൾ ഡോക്ടറൽ ബിരുദം നൽകി ആദരിച്ചിട്ടുണ്ട്.
രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആണവോർജ കമ്മീഷൻ ചെയർമാൻ അജിത് കുമാർ മൊഹന്തി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചിച്ചു.