ബഹിരാകാശത്ത് പയർവിത്തു മുളപ്പിച്ച് ഐഎസ്ആർഒ
Sunday, January 5, 2025 2:01 AM IST
ന്യൂഡൽഹി: ബഹിരാകാശത്ത് പയർവിത്ത് മുളപ്പിച്ച് ഐഎസ്ആർഒയ്ക്കു നേട്ടം. ഡിസംബർ 30ന് വിക്ഷേപിച്ച പിഎസ്എൽവി-സി ഓർബിറ്റൽ എക്സ്പെരിമെന്റ് മൊഡ്യൂൾ 4 (പോയെം-4) പേടകത്തിലാണ് പയർവിത്തുകൾ മുളപ്പിച്ചത്.
വിക്ഷേപിച്ച് നാലാംദിവസംതന്നെ പേടകത്തിലെ വിത്തുകൾ മുളച്ചു. റോക്കറ്റ് വിക്ഷേപണത്തിനുശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിച്ചത്. രണ്ടിലകളായി വളരുന്നതുവരെ നിരീക്ഷിക്കും. എട്ടു പയർവിത്തുകളാണ് മുളപ്പിക്കുന്നത്. മൈക്രോ ഗ്രാവിറ്റി പരിസ്ഥിതിയിൽ വിത്തിന്റെ വളർച്ച പഠിക്കലാണു ലക്ഷ്യം.
മൈഗ്രോഗ്രാവിറ്റി അന്തരീക്ഷത്തിൽ വിത്തു മുളയ്ക്കുന്നതിനെയും സസ്യത്തിന്റെ നിലനിൽപ്പിനെയുംകുറിച്ചുള്ള ഗവേഷണത്തിനുള്ള ക്രോപ്സ് പേലോഡ് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ ആൺ വികസിപ്പിച്ചത്.
സസ്യത്തിന്റെ വളർച്ച നിരീക്ഷിക്കാനുള്ള ഹൈ-ഡെഫിനിഷൻ കാമറകൾ, വിവിധ സെൻസറുകൾ, താപനില നിരീക്ഷിക്കാനുള്ള ഉപകരണം, തുടങ്ങിയവ പേലോഡിലുണ്ടായിരുന്നു.