ജമ്മു കാഷ്മീരിൽ വാഹനം കൊക്കയിൽ വീണ് നാലു സൈനികർക്കു വീരമൃത്യു
Sunday, January 5, 2025 2:01 AM IST
ബന്ദിപോറ: ജമ്മു കാഷ്മീരിലെ ബന്ദിപോറയിൽ സൈനികവാഹനം കൊക്കയിലേക്കു വീണ് നാലു സൈനികർക്കു വീരമൃത്യു.
ശ്രീനഗർ-ബന്ദിപോറ ദേശീയപാതയിൽ ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്നു സൈനികരെ വിദഗ്ധചികിത്സയ്ക്കായി ശ്രീനഗറിലേക്കു കൊണ്ടുപോയി.
ബന്ദിപോറ എസ്കെ പായിനുസമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം. ബന്ദിപ്പോറയിൽനിന്ന് മനസ്ബാലിലേക്കു പോവുകയായിരുന്നു വാഹനം. കനത്ത മഞ്ഞ് ഉൾപ്പെടെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വാഹനം റോഡിൽനിന്ന് തെന്നിമാറുകയായിരുന്നു.
രണ്ടാഴ്ചയ്ക്കിടെ ജമ്മുകാഷ്മീരിൽ സൈന്യം നേരിടുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ നിയന്ത്രണരേഖയ്ക്കു സമീപം പൂഞ്ചിൽ ഉണ്ടായ അപകടത്തിൽ അഞ്ച് സൈനികർക്കാണു ജീവൻ നഷ്ടമായത്. അഞ്ചു സൈനികർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.