ദേശീയ തീവ്രവാദവിരുദ്ധ നയം ഉടൻ: അമിത് ഷാ
Friday, November 8, 2024 1:27 AM IST
ന്യൂഡൽഹി: രാജ്യത്തുനിന്ന് തീവ്രവാദം തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീവ്രവാദത്തെ പ്രതിരോധിക്കാൻ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ഏകീകൃതമായ സമീപനം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയ അമിത് ഷാ ഇതിനായി കേന്ദ്രസർക്കാർ ദേശീയ തീവ്രവാദവിരുദ്ധ നയവും തന്ത്രവും ഉടൻ നടപ്പിലാക്കുമെന്നും വ്യക്തമാക്കി.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി മാതൃകാ തീവ്രവാദവിരുദ്ധ സ്ക്വാഡ്, മാതൃകാ സ്പെഷൽ ടാസ്ക് ഫോഴ്സ് എന്നിവ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഡൽഹിയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘടിപ്പിച്ച തീവ്രവാദവിരുദ്ധ കോണ്‍ഫറൻസിൽ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളെയും സീനിയർ സെക്യൂരിറ്റി ഓഫീസർമാരെയും കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
പുതിയ നയം കേന്ദ്ര ഏജൻസികളെയും സംസ്ഥാനത്തെ അന്വേഷണ ഉദ്യോഗസ്ഥരെയും തീവ്രവാദത്തിനെതിരേ ഒരുമിച്ചു പ്രവർത്തിക്കാൻ സജ്ജമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികളും സംസ്ഥാനങ്ങളും ദിവസേന തത്സമയ ഇന്റലിജൻസ് വിവരങ്ങൾ പങ്കിടുന്ന മൾട്ടി-ഏജൻസി സെന്റർ (എംഎസി) രൂപീകരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. എംഎസി വഴി സൈബർ സെക്യൂരിറ്റി, മയക്കുമരുന്നു കടത്ത് തുടങ്ങിയവ നിരീക്ഷിച്ച് തീവ്രവാദത്തിനെതിരേയുള്ള പ്രതിരോധം ശക്തിപ്പെടുത്താമെന്ന് അമിത് ഷാ വ്യക്തമാക്കി.