അംബേദ്കർ പരാമർശം: പാർലമെന്റ് സമ്മേളനത്തിന് ‘അടിച്ചുപിരിഞ്ഞ്’ അവസാനം
Saturday, December 21, 2024 2:41 AM IST
സനു സിറിയക്
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തെത്തുടർന്ന് ശീതകാല സമ്മേളനത്തിന്റെ അവസാനദിവസവും സഭ പ്രക്ഷുബ്ധമായി. പാർലമെന്റിനു പുറത്തെ പ്രതിപക്ഷ പ്രതിഷേധം സഭയ്ക്കുള്ളിലും വ്യാപിച്ചതോടെ ആദ്യം ലോക്സഭയും പിന്നീട് രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ല് സംയുക്ത പാർലമെന്ററി സമിതിക്കു വിടാനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചതിനു പിന്നാലെ അദാനി വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ അനിശ്ചിതകാലത്തേക്ക് സഭ പിരിച്ചുവിട്ടതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിക്കുകയായിരുന്നു.
രാവിലെ 11ന് രാജ്യസഭ ചേർന്നപ്പോൾ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് സഭാധ്യക്ഷൻ നടത്തിയ പ്രസ്താവന ബഹളത്തിൽ കലാശിക്കുകയും 12 വരെ സഭ നിർത്തിവയ്ക്കുകയും ചെയ്തു. വീണ്ടും സഭ ചേർന്നപ്പോൾ പ്രതിപക്ഷം പ്രതിഷേധമുയർത്തിയതോടെ രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.
ലോക്സഭാ വളപ്പിലെ വ്യാഴാഴ്ചത്തെ പ്രതിഷേധത്തിന്റെ ബാക്കിയെന്നോണമായിരുന്നു ‘ഇന്ത്യ’സഖ്യം ഒറ്റക്കെട്ടായി അംബേദ്കർ വിഷയത്തിൽ ഇന്നലെ പ്രതിഷേധിച്ചത്. പാർലമെന്റ് കവാടത്തിലെ പ്രതിഷേധങ്ങൾക്കു സ്പീക്കർ വിലക്കേർപ്പെടുത്തിയതോടെ പാർലമെന്റിനു സമീപം വിജയ് ചൗക്കിൽനിന്നാണ് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലുള്ള പ്രതിഷേധ പ്രകടനം പാർലമെന്റിലേക്ക് എത്തിയത്. ‘ഐ ആം അംബേദ്കർ’ എന്നെഴുതിയ പ്ലക്കാർഡുകളുമായിട്ടാണ് പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തിയത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയതു ഗുണ്ടായിസമാണെന്ന് ആരോപിച്ച് ബിജെപി എംപിമാരും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.