പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു
Saturday, December 21, 2024 2:41 AM IST
ന്യൂഡൽഹി: ഇരുമുന്നണികളും തമ്മിലുള്ള തുടർച്ചയായ പ്രതിഷേധത്തിനിടെ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നലെ അവസാനിപ്പിച്ചു.
മൂന്നാം മോദിസർക്കാർ അധികാരത്തിലെത്തിയശേഷം ആദ്യമായാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുന്നത്. വ്യാഴാഴ്ച പാർലമെന്റ് വളപ്പിൽ നടന്ന സംഘർഷത്തിൽ ഇരുപക്ഷവും പരസ്പര ആരോപണങ്ങളുമായി രംഗത്തുണ്ട്. അമിത് ഷായുടെ അംബേദ്കർ പരാമർശം ‘ഇന്ത്യ’ മുന്നണി ആയുധമാക്കുന്പോൾ രാഹുൽ ഗുണ്ടായിസം നടത്തിയെന്നാണ് ബിജെപി തിരിച്ചാരോപിക്കുന്നത്.
നവംബർ 25ന് ആരംഭിച്ച ശീതകാല സമ്മേളനത്തിൽ സുപ്രധാന വിഷയങ്ങളാണു ചർച്ചയായത്. ചരിത്രത്തിലാദ്യമായി രാജ്യസഭാധ്യക്ഷനെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിനു ശൈത്യകാല സമ്മേളനം സാക്ഷ്യം വഹിച്ചു. എന്നാൽ കാലാവധി പാലിക്കാത്തതും പ്രമേയത്തിലെ പിഴവുകളും ചൂണ്ടിക്കാട്ടി ഇതു തള്ളുകയായിരുന്നു.
ഇരു സഭകളിലും നടന്ന ഭരണഘടനാ സംവാദത്തിൽ ഭരണഘടന തകർത്തത് നെഹ്റുവും കോണ്‍ഗ്രസുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യസഭയിലും ആവർത്തിച്ചപ്പോൾ, കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ബിജെപി ഭരണഘടനയുടെ അന്തഃസത്ത ഇല്ലാതാക്കിയെന്നും രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും കൊള്ളയടിക്കുകയാണു ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ലോക്സഭയിൽ പറഞ്ഞു.
വയനാട് എംപി പ്രിയങ്കയുടെ കന്നി പ്രസംഗവും ഭരണഘടനാചർച്ചയിൽ നടന്നു. എന്തു പറഞ്ഞാലും നെഹ്റുവിനെയും കോണ്‍ഗ്രസിനെയും ആക്രമിക്കുന്ന മോദിസർക്കാർ ഇപ്പോൾ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാൻ മടിക്കുന്നതെന്തിനാണെന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.
പ്രതിപക്ഷം അദാനി- മോദി കൂട്ടുകെട്ട് ഉന്നയിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ സൊറോസ്- ഗാന്ധി കൂട്ടുകെട്ടാണ് ഭരണപക്ഷം ഉയർത്തിയത്. അദാനി വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും തയാറാകാതിരുന്നതിനെത്തുടർന്ന് ബഹളംമൂലം ഇരുസഭകളും പിരിയേണ്ട സാഹചര്യം പലപ്പോഴുമുണ്ടായി. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് സംയുക്ത പാർലമെന്ററി സമിതിക്കു വിട്ടതും ശീതകാല സമ്മേളനത്തിലാണ്.
അമിത് ഷായുടെ അംബേദ്കർ പരാമർശം ‘ഇന്ത്യ’ സഖ്യം ഏറ്റെടുത്തതോടെ പാർലമെന്റ് വളപ്പിലെ അസാധാരണ സംഭവങ്ങൾക്കാണു രാജ്യം സാക്ഷ്യം വഹിച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും മുഖാമുഖം മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഉന്തിലും തള്ളിലും പരിക്കേറ്റ രണ്ട് ബിജെപി എംപിമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ പ്രതിഷേധത്തിന്റെ സ്വഭാവം മാറി.
അംബേദ്കർ വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാൻ ബിജെപി ഇതിനെ ആയുധമാക്കുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ അദാനി- മോദി കൂട്ടുകെട്ട് മറയ്ക്കാനുള്ള ബിജെപിയുടെ മനഃപൂർവമുള്ള ശ്രമമാണിതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.