ഹരിയാന മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു
Saturday, December 21, 2024 2:41 AM IST
ഗുരുഗ്രാം: അഞ്ചു തവണ ഹരിയാന മുഖ്യമന്ത്രിയായ ഓംപ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) പ്രസിഡന്റായ ചൗട്ടാല മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ മൂത്ത മകനാണ്. ചൗട്ടാലയുടെ നിര്യാണത്തിൽ ഹരിയാന മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തും. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹരിയാന മുഖ്യമന്ത്രിയായിരുന്ന ദേവിലാൽ ഉപപ്രധാനമന്ത്രിയായതോടെയാണ് 1989 ഡിസംബറിൽ ഓംപ്രകാശ് ചൗട്ടാല ആദ്യമായി മുഖ്യമന്ത്രിയായത്. അധ്യാപക റിക്രൂട്ട്മെന്റ് കേസിൽ 2013ൽ പത്തുവർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ചൗട്ടാല കോവിഡ് മഹാമാരിയെത്തുടർന്ന് 2021ൽ ജയിൽമോചിതനായി.
അനധികൃത സ്വത്ത് സന്പാദനക്കേസിൽ 2022ൽ ചൗട്ടാലയെ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചു. തിഹാർ ജയിലിലെ ഏറ്റവും പ്രായംകൂടിയ തടവുകാരനായിരുന്നു ചൗട്ടാല.
ചൗട്ടാലയുടെ ഇളയ മകനായ അഭയ് സിംഗ് ഐഎൻഎൽഡിയുടെ മുതിർന്ന നേതാവാണ്. മൂത്ത മകൻ അജയ് സിംഗ് ജനനായക് ജനതാ പാർട്ടി (ജെജെപി) അധ്യക്ഷനാണ്. കുടുംബത്തിലുണ്ടായ ഭിന്നതയെത്തുടർന്ന് 2018ലാണ് അജയ് ജെജെപി രൂപവത്കരിച്ചത്.
അജയിന്റെ മകൻ ദുഷ്യന്ത് ഹരിയാന ഉപമുഖ്യമന്ത്രിയായിരുന്നു. അധ്യാപക റിക്രൂട്ട്മെന്റ് കേസിൽ അജയ് സിംഗിനെയും ശിക്ഷിച്ചിരുന്നു.
മുന്പ് ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ഐഎൻഎൽഡി 2005 മുതൽ ഹരിയാനയിൽ അധികാരത്തിനുപുറത്താണ്. 2005-2014 കാലത്ത് കോൺഗ്രസാണ് അധികാരത്തിലെത്തിയത്. 2014 മുതൽ ബിജെപിയാണ് ഹരിയാന ഭരിക്കുന്നത്.