രാജ്യത്തിന്റെ ഹരിതകവചം 25 ശതമാനത്തിൽ
Sunday, December 22, 2024 2:07 AM IST
ന്യൂഡൽഹി: വനങ്ങളും മരങ്ങളുമടങ്ങുന്ന രാജ്യത്തിന്റെ ഹരിതകവചം 25 ശതമാനത്തിലേക്ക് എത്തിയെന്നു കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ഐഎസ്എഫ്ആർ) പ്രകാരം 2021 മുതൽ 2023 വരെയുള്ള കാലയളവിൽ രാജ്യത്തെ ആകെ വനങ്ങളുടെയും മരങ്ങളുടെയും വിസ്തൃതി 1,445 ചതുരശ്ര കിലോമീറ്റർ വർധിച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതോടെ രാജ്യത്തെ മുഴുവൻ ഭൂവിസ്തൃതിയുടെ 25.17 ശതമാനവും വനങ്ങളും മരങ്ങളുമടങ്ങുന്ന ഭൂമിയായി മാറിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തെ ഹരിതകവചത്തെക്കുറിച്ചുള്ള 2023ലെ റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവാണു പുറത്തിറക്കിയത്.
2021ൽ 7,13,789 ചതുരശ്രകിലോമീറ്ററായിരുന്നു വനഭൂമിയെങ്കിൽ 2023ൽ അത് 7,15,343 ആയി വർധിച്ചു. ഇതേ കാലയളവിൽ മരങ്ങളുടെ എണ്ണം 1289 ചതുരശ്ര കിലോമീറ്റർ വർധിച്ചു. രാജ്യത്തിന്റെ 21.76 ശതമാനം വനപ്രദേശവും 3.41 ശതമാനം മരങ്ങളുമാണെന്നാണ് റിപ്പോർട്ടിലൂടെ അടിവരയിടുന്നത്.
അതിനിടെ 2023ലെ കണക്കനുസരിച്ചു കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയായ 38,852 ചതുരശ്ര കിലോമീറ്ററിൽ 11,522 ചതുരശ്ര കിലോമീറ്ററും റിസർവ് വനങ്ങളാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിന്റെ മുഴുവൻ ഭൂവിസ്തൃതിയുടെ 29.66 ശതമാനവും വനങ്ങളാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
2013 മുതൽ 2023 വരെയുള്ള ഒരു പതിറ്റാണ്ടിനിടെ കേരളത്തിൽ 19.99 ശതമാനം വനഭൂമിയുടെ വർധനവും ഉണ്ടായിട്ടുണ്ട്. 2013ൽ കേരളത്തിൽ 18,383 ചതുരശ്ര കിലോമീറ്റർ വനഭൂമിയുണ്ടായിരുന്നത് 2023ൽ 22,059.36 ചതുരശ്ര കിലോമീറ്റർ വനഭൂമിയായി വർധിച്ചു. ഒരു പതിറ്റാണ്ടിനിടെ 3675 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണു കേരളത്തിൽ വർധിച്ചത്.
അതിനിടെ കേരളത്തിലെ കണ്ടൽക്കാടുകളുടെ എണ്ണത്തിൽ ഒരു പതിറ്റാണ്ടിനിടെ 1.56 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2013ൽ 11.01 ചതുരശ്ര കിലോമീറ്ററിൽ കണ്ടൽക്കാടുകളുണ്ടായിരുന്നെങ്കിലും 2013ൽ അത് 9.45 ആയി കുറഞ്ഞു.
എറണാകുളം കാസർഗോഡ്, കൊല്ലം ജില്ലകളിൽ കണ്ടൽക്കാടുകളുടെ വിസ്തൃതിയിൽ നേരിയ വർധന ഉണ്ടെങ്കിലും കണ്ണൂർ ജില്ലയിലുണ്ടായ 2.21 ശതമാനം കുറവാണ് സംസ്ഥാനത്തിന്റെയും കണക്കുകളെ ബാധിച്ചത്. ഒരു പതിറ്റാണ്ടിനിടെ മരങ്ങളുടെ എണ്ണത്തിൽ വൻ കുറവാണ് കേരളത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
2013ൽ 3146 ചതുരശ്ര കിലോമീറ്ററുകളിൽ മരങ്ങൾ കേരളത്തിലുണ്ടായിരുന്നെങ്കിലും 2023ൽ അത് 2905 ആയി കുറഞ്ഞു. ഒരു പതിറ്റാണ്ടിനിടെ 7.63 ശതമാനം മരങ്ങളാണു കേരളത്തിലില്ലാതായത്.
വനങ്ങളുടെയും മരങ്ങളുടെയും വിസ്തൃതി ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത് മധ്യപ്രദേശിലാണ്. റിപ്പോർട്ട് തയാറാക്കിയ ഫോറസ്റ്റ് സര്വേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഒരു ഹെക്ടറിൽ കൂടുതൽ വിസ്തൃതിയിൽ പരന്നുകിടക്കുന്നതും പത്തു ശതമാനത്തിലധികം സാന്ദ്രതയിലും തിങ്ങിനിൽക്കുന്ന മരങ്ങളെയാണ് റിപ്പോർട്ടിൽ വനപ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത്.