ഗ്യാസ് ടാങ്കർ മറ്റു വാഹനങ്ങളിലിടിച്ചു കത്തി 11 പേർ വെന്തുമരിച്ചു
Saturday, December 21, 2024 2:41 AM IST
ജയ്പുർ: രാജസ്ഥാനിൽ ഗ്യാസ് ടാങ്കർ മറ്റു വാഹനങ്ങളിലിടിച്ചു കത്തി 11 പേർ വെന്തുമരിച്ചു. അന്പതോളം പേർക്കു പരിക്കേറ്റു. ഇവരിൽ പകുതിയോളം പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്.
ജയ്പുർ-ആജ്മീർ ഹൈവേയിൽ ഇന്നലെ വെളുപ്പിന് 5.45നു സംഭവിച്ച അപകടത്തിൽ 37 വാഹനങ്ങൾ കത്തിനശിച്ചു. വാതകച്ചോർച്ചയുണ്ടായതോടെ വൻ തീപിടിത്തമുണ്ടാകുകയായിരുന്നു. പരിക്കേറ്റവരിൽ ഏഴു പേർ വെന്റിലേറ്ററിലാണ്.
അപകടത്തിൽ എൽപിജി ടാങ്കറിന്റെ ഔട്ട്ലെറ്റ് നോസിലിനു കേടുപാടുണ്ടായതിനെത്തുടർന്ന് വാതകച്ചോർച്ചയുണ്ടായെന്നും അതു വൻ തീപിടിത്തത്തിനു കാരണമായെന്നും ജയ്പുർ പോലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫ് പറഞ്ഞു.
ടാങ്കറിനു പിറകിലുണ്ടായിരുന്ന വാഹനങ്ങളും എതിർദിശയിൽനിന്നു വന്ന വാഹനങ്ങളും തീപിടിച്ചു കത്തി. വാഹനങ്ങളിലുണ്ടായവർ ഓടി രക്ഷപ്പെട്ടു. വാഹനങ്ങളിൽനിന്നു പുറത്തിറങ്ങാൻ കഴിയാത്തവരാണ് വെന്തുമരിച്ചത്.
അപകടമുണ്ടാകുന്പോൾ ഒരു സ്വകാര്യ സ്ലീപ്പർ ബസ് ഗ്യാസ് ടാങ്കറിനു പിറകിലുണ്ടായിരുന്നു. ഈ ബസിലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു. കത്തിനശിച്ച വാഹനങ്ങൾ ഹൈവേയിൽനിന്നു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.