വയനാട് ദുരന്തം: വായ്പ തീർപ്പാക്കുന്നത് അതത് ബാങ്കുകൾക്കു തീരുമാനിക്കാം
Friday, November 8, 2024 1:27 AM IST
ന്യൂഡൽഹി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തം മൂലം സാന്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ വായ്പകൾ തീർപ്പാക്കുന്നതു സംബന്ധിച്ച് അതത് ബാങ്കുകൾക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക്.
കാർഷിക- വിദ്യാഭ്യാസ വായ്പകൾ ഓരോന്നും പരിശോധിച്ച് എഴുതിത്തള്ളുക, പുനർഘടന നടത്തുക, പുതിയ സാന്പത്തികസഹായം നൽകുക തുടങ്ങി റിസർവ് ബാങ്കിന്റെ മാർഗനിർദശങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളാണ്.
ഇത്തരത്തിൽ നടപടിയെടുക്കാനുള്ള നിർദേശം നാഷണൽ ബാങ്ക്, ഷെഡ്യൂൾഡ് ബാങ്ക്, സഹകരണ ബാങ്കുകൾ എന്നിവയ്ക്കു നൽകിയിട്ടുണ്ടെന്നും റിസർവ് ബാങ്ക് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ.കെ.വി. തോമസിനെ അറിയിച്ചു.
വയനാട് ദുരന്തത്തെത്തുടർന്ന് സാന്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരുടെ ബാങ്ക് വായ്പ എഴുതിത്തള്ളണമെന്നു പ്രധാനമന്ത്രിക്ക് കേരള സർക്കാർ നൽകിയ അപേക്ഷ പരിശോധിച്ച ശേഷമാണ് റിസർവ് ബാങ്ക് ഈ തീരുമാനമെടുത്തത്.
മുഖ്യമന്ത്രി ചെയർമാനായ സംസ്ഥാന ബാങ്ക് അഡ്വൈസറി കമ്മിറ്റിക്കും ഇക്കാര്യത്തിൽ ബാങ്കുകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാമെന്നും റിസർവ് ബാങ്ക് അറിയിച്ചു.