ഡൽഹിയിലെ മലിനീകരണം; വൈക്കോൽ കത്തിച്ചാലുള്ള പിഴ ഇരട്ടിയാക്കി
Friday, November 8, 2024 1:27 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനം പുകയിൽ നീറുന്പോൾ മലിനീകരണത്തോത് കുറയ്ക്കാൻ നീക്കവുമായി കേന്ദ്രം. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെ വൈക്കോൽ കൂട്ടിയിട്ടു കത്തിക്കുന്ന കർഷകർക്കുള്ള പിഴ കേന്ദ്രസർക്കാർ ഇരട്ടിയാക്കി.
വൈക്കോൽ കത്തിക്കുന്ന കർഷകർ പുതിയ നിയമപ്രകാരം 30000 രൂപ വരെ പിഴ അടയ്ക്കേണ്ടിവരുമെന്നു വ്യക്തമാക്കി കേന്ദ്രം വിജ്ഞാപനമിറക്കി. മലിനീകരണം തടയാനുള്ള പരിസ്ഥിതിനിയമങ്ങൾ കർശനമല്ലെന്ന സുപ്രീംകോടതിയുടെ വിമർശനത്തിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
വൈക്കോൽ കൂട്ടിയിട്ടു കത്തിച്ചാൽ രണ്ടേക്കറിൽ താഴെ ഭൂമിയുള്ള കർഷകർ നേരത്തേ 2500 രൂപയായിരുന്നു പിഴ അടയ്ക്കേണ്ടിയിരുന്നത്. ഇത് 5000 രൂപയായി ഉയർത്തി. രണ്ടേക്കറിനും അഞ്ചേക്കറിനും ഇടയിൽ ഭൂമിയുള്ളവർക്ക് മുന്പ് 5000 രൂപയായിരുന്നു പിഴയെങ്കിൽ നിലവിലത് 10000 രൂപയാണ്.
അഞ്ചേക്കറിന് മുകളിലുള്ളവർക്കു നേരത്തേ പരമാവധി 15000 രൂപയായിരുന്നു പിഴയെങ്കിൽ പുതിയ നിയമപ്രകാരം 30000 രൂപ വരെയായി ഉയർന്നു.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ കൊയ്ത്തിനുശേഷം വൈക്കോൽ കൂട്ടിയിട്ടു കത്തിക്കുന്നതാണ് ഡൽഹിയിലെ വായുമലിനീകരണത്തിന് പ്രധാന കാരണം എന്നു കണ്ടാണ് കേന്ദ്രത്തിന്റെ നടപടി.
അതേസമയം ഡൽഹിയിലെ വായുഗുണനിലവാര സൂചിക (എക്യുഐ) രണ്ടാഴ്ചയായി "വളരെ മോശം' നിലയിലാണ്. ഡൽഹിയിലെ പലയിടത്തും ഇന്നലെ എക്യുഐ 400ന് മുകളിൽ രേഖപ്പെടുത്തി.