ആമസോൺ ഫ്ലിപ്കാർട്ട് വില്പനക്കാരുടെ ഓഫീസുകളിൽ ഇഡി റെയ്ഡ്
Friday, November 8, 2024 1:27 AM IST
ന്യൂഡൽഹി: പ്രമുഖ ഇ-കൊമേഴ്സ് വന്പന്മാരായ ആമസോണ്‍, ഫ്ലിപ്കാർട്ട് കന്പനികളുടെ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന രാജ്യത്തെ വിവിധ വില്പനക്കാരുടെ ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തി.
ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, പഞ്ച്കുല എന്നിവിടങ്ങളിലെ 19 ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മന്റ് ആക്ടിന്റെ (ഫെമ) വ്യവസ്ഥകൾ ആമസോണും ഫ്ലിപ്കാർട്ടും ലംഘിച്ചെന്ന അന്വേഷണത്തിന്റെ ഭാഗമായാണു റെയ്ഡ് നടത്തിയത്.
ഇരുകന്പനികളും സാധനങ്ങളുടെയും സേവനങ്ങളുടെയും വില നിശ്ചയിച്ച് ചില വില്പനക്കാർക്ക് കൂടുതൽ ലാഭമുണ്ടാക്കുന്നുണ്ടെന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്ന് ഇഡി വൃത്തങ്ങൾ സൂചിപ്പിച്ചു.
ആമസോണും ഫ്ലിപ്കാർട്ടും ഷോപ്പിംഗ് വെബ്സൈറ്റുകളിൽ പ്രത്യേക വില്പനക്കാർക്ക് മുൻഗണന നൽകി വ്യാപാരനിയമം ലംഘിച്ചത് ആന്റി-ട്രസ്റ്റ് ബോഡിയായ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു.