സർക്കാർ നിയമനം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്തരുതെന്ന് സുപ്രീംകോടതി
Friday, November 8, 2024 12:32 AM IST
ന്യൂഡൽഹി: സർക്കാർ ജോലികളിലേക്കുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചതിനുശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ പാടില്ലെന്നു സുപ്രീംകോടതി.
അപേക്ഷകൾ വിളിക്കുന്നതിലൂടെ നിയമനം ആരംഭിക്കുകയും ഒഴിവുകൾ നികത്തുന്നതിലൂടെ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ പാടില്ലെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.
സർക്കാർ തസ്തികയിലേക്കുള്ള നിയമനത്തിന്റെ മാനദണ്ഡം പ്രക്രിയ ആരംഭിച്ചതിനുശേഷമോ അതിന്റെ മധ്യത്തിലോ ബന്ധപ്പെട്ട അധികാരികൾക്കു മാറ്റാൻ സാധിക്കുമോ എന്ന കാര്യമായിരുന്നു ഭരണഘടനാബെഞ്ച് പരിശോധിച്ചത്. എന്നാൽ ഗെയിം ആരംഭിക്കുന്നതിനുമുന്പ് അതിന്റെ നിയമങ്ങൾ നിശ്ചയിക്കണമെന്നും ഇടയ്ക്കു മാറ്റാൻ പാടില്ലെന്നും പ്രതീകാത്മകമായി കോടതി വ്യക്തമാക്കി.
നിയമനച്ചട്ടങ്ങൾ ഏകപക്ഷീയമാകരുതെന്നും കോടതി വ്യക്തമാക്കി. നിയമനപ്രക്രിയയുടെ നിയമങ്ങൾ പാതിവഴിയിൽ മാറ്റാൻ കഴിയില്ലെന്ന 2008 ലെ കെ. മഞ്ജുശ്രീ വേഴ്സസ്, ആന്ധ്രാപ്രദേശ് കേസിലെ സുപ്രീംകോടതിയുടെ മുൻ വിധിയിൽ ഭരണഘടനാബെഞ്ച് ഉറച്ചു നിന്നു.
രാജസ്ഥാൻ ഹൈക്കോടതിയിലെ ട്രാൻസിലേറ്റർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട വിഷയമാണു കേസിനാസ്പദം. ഉദ്യോഗാർഥികൾക്ക് എഴുത്തുപരീക്ഷയും വ്യക്തിഗത അഭിമുഖവുമായിരുന്നു മാനദണ്ഡം. എന്നാൽ എഴുത്തുപരീക്ഷയിൽ 75 ശതമാനം മാർക്ക് വേണമെന്ന മാനദണ്ഡം പിന്നീടാണു പുറപ്പെടുവിച്ചത്.
പരീക്ഷയിൽ മൂന്നുപേരെ മാത്രം തെരഞ്ഞെടുത്തതോടെ ബാക്കിയുള്ളവർ ഹൈക്കോടതിയെ സമീപിച്ചു. കോടതിവിധി എതിരായതോടെ വിഷയം സുപ്രീംകോടതിക്കു മുന്നിൽ എത്തുകയായിരുന്നു. അപേക്ഷ സമർപ്പിക്കുന്പോൾ മാർക്കിന്റെ മാനദണ്ഡം വ്യക്തമാക്കിയിരുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.