എൽഎംവി ലൈസൻസുള്ളവർക്ക് ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാം: സുപ്രീംകോടതി
Thursday, November 7, 2024 2:02 AM IST
ന്യൂഡൽഹി: വാഹനമോടിക്കാനുള്ള അധിക യോഗ്യത (ബാഡ്ജ്) 7500 കിലോയിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾക്കു മാത്രമാണ് ആവശ്യമെന്ന 2017 ലെ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ വിധി ഭരണഘടനാബെഞ്ച് ശരിവച്ചു.
ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽഎംവി) ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് 7,500 കിലോ വരെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ബാഡ്ജില്ലാതെ ട്രാൻസ്പോർട്ട് വാഹനം ഓടിച്ചുണ്ടായ അപകടങ്ങളിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷ്വറൻസ് കന്പനികൾ വിസമ്മതിച്ചതു ചോദ്യം ചെയ്ത ഹർജികളാണ് കോടതിക്കു മുന്നിൽ എത്തിയത്.
എന്നാൽ എൽഎംവി ലൈസൻസ് ഉടമകൾ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിച്ച് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കി എന്നതിനുള്ള തെളിവുകൾ ഇൻഷ്വറൻസ് കന്പനികൾക്കു നൽകാനായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, അപകടങ്ങൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. കേരളമടക്കം മിക്ക സംസ്ഥാനങ്ങളിലും നിലവിൽ എൽഎംവി ലൈസൻസ് ഉള്ളവർ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നുണ്ട്. ഇതിനെതിരേ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കാറില്ല.