പ്രത്യേക പദവി: ജമ്മു കാഷ്മീർ നിയമസഭ പ്രമേയം പാസാക്കി
Thursday, November 7, 2024 1:39 AM IST
ശ്രീനഗർ: പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കാഷ്മീർ നിയമസഭ പാസാക്കി. ചർച്ച കൂടാതെ ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്.
ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. അതേസമയം പ്രതിപക്ഷ നേതാവ് സുനിൽ ശർമ ഉൾപ്പെടെയുള്ള ബിജെപി അംഗങ്ങൾ പ്രമേയത്തെ എതിർത്തു.
നാഷണൽ കോണ്‍ഫറൻസും കോണ്‍ഗ്രസും പിഡിപിയും സിപിഐ എമ്മും പ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തിനെതിരേ ബിജെപി എംഎൽഎമാർ മുദ്രാവാക്യം വിളിച്ചതോടെ സ്പീക്കർ അബ്ദുൾ റഹീം റാഥർ ശബ്ദവോട്ടെടുപ്പിന് ഉത്തരവിടുകയായിരുന്നു.