യുപിയിലെ ബുൾഡോസർ നടപടിക്കു തിരിച്ചടി; സ്വകാര്യവ്യക്തിയുടെ വീടു പൊളിച്ചതിന് 25 ലക്ഷം നഷ്ടപരിഹാരം
Thursday, November 7, 2024 1:39 AM IST
ന്യൂഡൽഹി: നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ സ്വകാര്യവ്യക്തിയുടെ വീട് പൊളിച്ച ഉത്തർപ്രദേശ് സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. നിയമപരിരക്ഷയില്ലാതെ ഇത്തരത്തിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് കടന്ന കൈയാണെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
നിയമനടപടികൾ പാലിക്കാതെയും നോട്ടീസ് നൽകാതെയും എങ്ങനെയാണ് ഒരാളുടെ വീട് പൊളിച്ചു മാറ്റാൻ സാധിക്കുന്നതെന്ന് കോടതി യുപി സർക്കാരിനോട് ചോദിച്ചു. 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും സംസ്ഥാന സർക്കാരിനോട് കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കണം.
ഹൈവേ കൈയേറിയെന്നാരോപിച്ച് മുൻകൂർ അറിയിപ്പോ വിശദീകരണമോ നൽകാതെ സംസ്ഥാനസർക്കാർ വീട് പൊളിച്ചുമാറ്റിയെന്നതാണു കേസ്. അതേസമയം റോഡ് നിർമാണത്തിലെ ക്രമക്കേടിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചതിന്റെ പ്രതികാരനടപടിയായാണ് യുപി സർക്കാർ വീട് പൊളിച്ചുമാറ്റിയതെന്ന് ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കി.
നിയമപരമായ എല്ലാ രേഖകളും സമർപ്പിച്ചാൽ കേസ് മാറ്റിവയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയും കോടതി തള്ളി. ഹൈവേ വികസനത്തിന്റെ ഭാഗമായാണു നടപടിയെന്നത് തെളിയിക്കാൻ സർക്കാരിനു സാധിച്ചില്ല.
സംസ്ഥാനങ്ങൾക്കുള്ള നിർദേശങ്ങൾ
* റോഡിന്റെ നിലവിലെ വീതി സംസ്ഥാനം കൃത്യമായി മനസിലാക്കിയിരിക്കണം
* കൈയേറ്റം കണ്ടെത്തിയാൽ പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകണം
* എതിർപ്പ് ഉന്നയിച്ചാൽ ചർച്ചയിലൂടെ സ്വഭാവികനീതി ഉറപ്പാക്കണം
* പരിഹരിക്കപ്പെട്ടില്ലെങ്കിൽ കൈയേറ്റം നീക്കം ചെയ്യാൻ കൈയേറ്റക്കാരൻ ന്യായമായ സമയം അനുവദിക്കണം