“ക്ലോക്ക്’’ ചിഹ്നം: നിരാകരണ കുറിപ്പ് പ്രസിദ്ധപ്പെടുത്താൻ അജിത് പവാർ വിഭാഗം
Thursday, November 7, 2024 1:39 AM IST
ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ “ക്ലോക്ക്’’ ചിഹ്നം ഉപയോഗിക്കുന്നതു സംബന്ധിച്ച് നിരാകരണ കുറിപ്പ് മറാത്തി പത്രത്തിൽ പ്രസിദ്ധീകരിക്കാമെന്നു എൻസിപി അജിത് പവാർ വിഭാഗം സുപ്രീംകോടതിയെ അറിയിച്ചു .
സുപ്രീംകോടതിയുടെ വാക്കാലുള്ള നിർദേശത്തിനു മറുപടിയായാണ് പവാറിനുവേണ്ടി അഭിഭാഷകൻ ബൽബീർ സിംഗ് കോടതിയെ ഇക്കാര്യം അറിയിച്ചത്.
“ക്ലോക്ക്’’ ഉപയോഗിക്കുന്നതിൽനിന്ന് അജിത് പവാർ വിഭാഗത്തിനെ തടയണമെന്നാവശ്യപ്പെട്ടു ശരത് പവാർ വിഭാഗം സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്.
കോടതിയുടെ വിധിക്കനുസരിച്ച് ചിഹ്നം മാറ്റത്തിന് വിധേയമായിരിക്കുമെന്ന തരത്തിലുള്ള നിരാകരണക്കുറിപ്പ് തെരഞ്ഞെടുപ്പ് സാമഗ്രികളിൽ ഉപയോഗിക്കണമെന്നു കോടതി നേരത്തെ നിർദേശിച്ചിരുന്നു.