എല്ലാ സ്വകാര്യ സ്വത്തുക്കളും സർക്കാരുകൾക്ക് ഏറ്റെടുക്കാനാകില്ല: സുപ്രീംകോടതിയുടെ സുപ്രധാന വിധി
Wednesday, November 6, 2024 2:34 AM IST
ന്യൂഡൽഹി: ഭരണഘടനയുടെ ആർട്ടിക്കിൾ 39 (ബി) പ്രകാരം എല്ലാ സ്വകാര്യസ്വത്തുക്കളും പൊതുനന്മയ്ക്കുള്ള പൊതുസ്വത്തായി (മെറ്റീരിയൽ റിസോഴ്സസ് ഓഫ് ദ കമ്യൂണിറ്റി) സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കി.
സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനർവിതരണം ചെയ്യാൻ സർക്കാരുകൾക്ക് കഴിയുമോ എന്നതു സംബന്ധിച്ച സുപ്രധാനമായ വിഷയത്തിലാണ് സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്.
1977ലെ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ വിധിയിൽ ഭരണഘടനാ ബെഞ്ച് വിയോജിപ്പ് രേഖപ്പെടുത്തി. മുൻ വിധികൾ സോഷ്യലിസ്റ്റ് കാഴ്ചപ്പാടോടെ ആയിരുന്നുവെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതു പിന്തുടരാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
1960-70 കാലഘട്ടത്തിൽ രാജ്യം സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിൽ ഏഴുപേർ സംയുക്ത വിധി പുറപ്പെടുവിച്ചപ്പോൾ ജസ്റ്റീസ് ബി.ആർ. നാഗരത്ന വിധിയെ വിയോജിപ്പുകളോടെ പിന്തുണയ്ക്കുകയും ജസ്റ്റിസ് ധൂലിയ എതിർക്കുകയും ചെയ്തു.