2036 ഒളിന്പിക്സ്: ചുവടുവച്ച് ഇന്ത്യ
Wednesday, November 6, 2024 2:34 AM IST
ന്യൂഡൽഹി: ലോകജനതയെ ഒരുമിപ്പിക്കുന്ന ഒളിന്പിക്സിന് ആതിഥ്യം വഹിക്കാനുള്ള ശ്രമങ്ങളിലേക്ക് ഇന്ത്യ.
2036ലെ ഒളിന്പിക്സ്, പാരാലിന്പിക്സ് മത്സരങ്ങൾ നടത്താനുള്ള താത്പര്യമറിയിച്ച് രാജ്യാന്തര ഒളിന്പിക് സമിതിയുടെ (ഐഒസി) മത്സരവേദികൾ നിശ്ചയിക്കുന്ന വിഭാഗത്തിന് ഇന്ത്യ കത്ത് നൽകി.
ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) കഴിഞ്ഞമാസം ഒന്നിനാണു കത്ത് നൽകിയതെന്ന് കായികമന്ത്രാലയം വൃത്തങ്ങൾ സൂചിപ്പിച്ചു. 2028ൽ ലോസ് ആഞ്ചലസിലും 2032ൽ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലുമാണ് അടുത്ത ഒളിന്പിക്സുകൾ.
അടുത്തവർഷം നടക്കുന്ന ഐഒസി തെരഞ്ഞെടുപ്പിനുശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകൂ. സൗദി അറേബ്യ, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കു വെല്ലുവിളിയായി നിൽക്കുന്നത്. അവസരം ലഭിച്ചാൽ ഗുജറാത്തിലെ അഹമ്മദാബാദ് നഗരമായിരിക്കും ഒളിന്പിക്സിനു വേദിയാകുക. ഇതിനുള്ള മുന്നൊരുക്കങ്ങൾ അഹമ്മദാബാദിൽ പുരോഗമിക്കുകയാണ്.