സർക്കാരിനെതിരേ വിധി പറയുക എന്നതല്ല സ്വതന്ത്ര നിയമസംവിധാനം: ചീഫ് ജസ്റ്റീസ്
Wednesday, November 6, 2024 2:33 AM IST
ന്യൂഡൽഹി: സർക്കാരിനെതിരേ നിലപാടെടുക്കുകയല്ല സ്വതന്ത്ര നിയമവ്യവസ്ഥ എന്നതുകൊണ്ട് അർഥമാക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്. കേസുകളിൽ തീരുമാനമെടുക്കുന്പോൾ ജഡ്ജിമാരെ വിശ്വസിക്കണമെന്നും ദേശീയ ദിനപത്രം സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവേ ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടു.
വിധിന്യായത്തിലൂടെയാണ് ജഡ്ജിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്നത്. വിധി ആർക്കെല്ലാം അനുകൂലമായാലും നീതി ഉറപ്പാക്കുന്ന തരത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങൾ ജഡ്ജിമാർക്കു നൽകണം. അനുകൂലമായി വിധിച്ചാൽ നിങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംവിധാനമാണ്. എതിരാണെങ്കിൽ സ്വതന്ത്രരാകുക യുമില്ല.
ഇലക്ടറൽ ബോണ്ട് വിധിയിൽ സ്വതന്ത്രമാകും. സർക്കാരിന് അനുകൂലമായി വിധി പറയുന്പോൾ അങ്ങനെയല്ലാതാകും. ഇതൊന്നുമല്ല സ്വാതന്ത്ര്യത്തിന്റെ നിർവചനം. സർക്കാരിൽനിന്നുള്ള സ്വാതന്ത്ര്യം മാത്രമല്ല ജുഡീഷറിയുടെ സ്വാതന്ത്ര്യത്തെ നിർണയിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
വിധിന്യായങ്ങളിലൂടെയാണ് ജഡ്ജിമാരെ വിലയിരുത്തുന്നത്. അവരുടെ തീരുമാനങ്ങളൊന്നും പൊതിഞ്ഞുവയ്ക്കപ്പെടാറില്ലെന്നും സൂക്ഷ്മവിശകലനത്തിനു വിധേയമാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ പണിയല്ല കോടതിയുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീർത്തും സ്വകാര്യമായ ചടങ്ങിന്റെ ഭാഗമായാണു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിലെത്തിയത്. രാഷ്ട്രപതിഭവനിലും റിപ്പബ്ലിക് ദിനത്തിലും ഞങ്ങൾ പരസ്പരം കാണാറുണ്ട്.
പ്രധാനമന്ത്രിയും മന്ത്രിമാരുമായെല്ലാം സംസാരിക്കാറുണ്ട്. ഇതൊന്നും കേസുകളെ സംബന്ധിച്ചല്ലെന്നും സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളാണു സംസാരവിഷയമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയസംവിധാനത്തിൽ ഇത്തരം കാര്യങ്ങൾ മനസിലാക്കാൻ പക്വത ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദൈവത്തിനു മുന്നിൽ ഇരുന്നുവെന്ന് പറഞ്ഞതിനർഥം താൻ വിശ്വാസിയാണ് എന്നതുതന്നെയാണ്. തനിക്കു തന്റേതായ വിശ്വാസമുണ്ട്. ഇതോടൊപ്പം എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നു.
മറ്റു വിശ്വാസികൾ നീതി തേടി കോടതിക്കു മുന്നിലെത്തുന്പോൾ സ്വീകരിക്കുന്ന നിലപാടിനെ തന്റെ വിശ്വാസം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിനും ഭരണഘടനയ്ക്കും അനുസൃതമായി മാത്രമേ വിധികൾ പ്രസ്താവിക്കാറുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.