"സൂപ്പറാ'കാൻ റെയിൽവേ; ടിക്കറ്റും ഭക്ഷണവുമെല്ലാം ഒറ്റ ആപ്പിൽ
Wednesday, November 6, 2024 2:33 AM IST
ന്യൂഡൽഹി: സേവനങ്ങളെല്ലാം ഒറ്റ ആപ്പിലാക്കി റെയിൽവേയും അടിപൊളിയാകാൻ ഒരുങ്ങുന്നു. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും ഭക്ഷണം ഓർഡർ ചെയ്യുന്നതുമടക്കം യാത്രക്കാർക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും “സൂപ്പർ ആപ്’’ എന്ന ഒരൊറ്റ ആപ്പിൽ ലഭ്യമാക്കിയിരിക്കുകയാണ് റെയിൽവേ.
രാജ്യത്തെ കോടിക്കണക്കിനു ട്രെയിൻ യാത്രികർക്കു സഞ്ചാരം കൂടുതൽ സുഗമമാക്കുന്ന സൂപ്പർ ആപ് ഈ ഡിസംബർ അവസാനം പുറത്തിറക്കാനാണു റെയിൽവെയുടെ തീരുമാനം.
നിലവിൽ റെയിൽവേയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഒന്നിലധികം ആപ്പുകളാണ് യാത്രക്കാർ ഉപയോഗിക്കുന്നത്.
ടിക്കറ്റ് ബുക്കിംഗിന് ഐആർടിസി റെയിൽ കണക്ട്, ഭക്ഷണവിതരണത്തിന് ഐആർടിസി ഇ-കാറ്ററിംഗ്, അണ്റിസർവ് ടിക്കറ്റുകൾക്കായി യുടിഎസ്, ട്രെയിൻ ട്രാക്ക് ചെയ്യാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം തുടങ്ങിയ ആപ്പുകളാണ് നിലവിൽ റെയിൽവേ വികസിപ്പിച്ചിരിക്കുന്നത്. എന്നാൽ പല ആപ്പുകളിൽ ലഭ്യമാകുന്ന ഈ സേവനങ്ങളെല്ലാംതന്നെ ഒരൊറ്റ ആപ്പിലൂടെ എളുപ്പത്തിൽ ലഭ്യമാകുമെന്നതാണ് സൂപ്പർ ആപ്പിന്റെ പ്രത്യേകത.
ഐആർടിസിയുമായി ചേർന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റമാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. സേവനങ്ങളെല്ലാം ആധുനികവത്കരിക്കാനും ഡിജിറ്റലാക്കാനുമുള്ള റെയിൽവെയുടെ വിശാല പദ്ധതിയുടെ ഭാഗമാണു സൂപ്പർ ആപ്.
രാജ്യത്തെ ട്രെയിൻ യാത്രക്കാർ മിക്കപ്പോഴും നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ ഒരു ആപ്പിലൂടെ എളുപ്പത്തിൽ പരിഹരിക്കാമെന്ന് റെയിൽവെ അവകാശപ്പെടുന്നു.