യുപി മദ്രസ നയം ശരിവച്ച് സുപ്രീംകോടതി
Wednesday, November 6, 2024 2:33 AM IST
ന്യൂഡൽഹി: 2004ലെ ഉത്തർപ്രദേശ് മദ്രസ ബോർഡിന്റെ വിദ്യാഭ്യാസ നിയമത്തിനുള്ള ഭരണഘടനാ സാധുത ശരിവച്ച് സുപ്രീംകോടതി.
ഫാസിൽ, കാമിൽ തുടങ്ങിയ ഉന്നതബിരുദങ്ങൾ 1956 ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ വ്യവസ്ഥകൾക്കു വിരുദ്ധമായതിനാൽ ഇവ നൽകാൻ ബോർഡിനു സാധിക്കില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
2004ലെ ഉത്തർപ്രദേശ് മദ്രസ ബോർഡ് നിയമം ഭരണഘടനാവിരുദ്ധമാണെന്നു പ്രസ്താവിച്ച അലാഹാബാദ് ഹൈക്കോടതിയുടെ മാർച്ച് 22ലെ വിധിയും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് റദ്ദാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 എ, വിദ്യാഭ്യാസ അവകാശം (ആർടിഇ) നിയമപ്രകാരം മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം നൽകുന്നുണ്ടെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
പഠന കോഴ്സുകൾ, അധ്യാപക നിയമനം, വിദ്യാർഥികളുടെ ആരോഗ്യ- ശുചിത്വം, ലൈബ്രറികൾക്കുള്ള സൗകര്യങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ നിലവാരത്തിന്റെ വശങ്ങൾ സംസ്ഥാനത്തിന് നിയന്ത്രിക്കാനാകുമെന്നും കോടതി പറഞ്ഞു.
അംഗീകൃത മദ്രസകൾ വിദ്യാഭ്യാസ നിലവാരം പുലർത്തുന്നുണ്ടെന്നും വിദ്യാർഥികൾക്കു നൽകുന്ന സർട്ടിഫിക്കറ്റുകൾ അവർക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം നൽകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, മദ്രസകൾ മതപരമായ പ്രബോധനത്തെ സ്വാധീനിക്കുന്പോൾ അവരുടെ പ്രാഥമികലക്ഷ്യം വിദ്യാഭ്യാസമാണെന്ന് കോടതി പറഞ്ഞു.