കമല ഹാരിസിനുവേണ്ടി തിരുവാരൂരിൽ അഭിഷേകവും അർച്ചനയും
Wednesday, November 6, 2024 2:33 AM IST
തിരുവാരൂർ: യുഎസിൽ പ്രസിഡന്റിനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനുവേണ്ടി തമിഴ്നാട്ടിലെ തിരുവാരൂരിലെ തുളസേന്ദ്രപുരത്തെ ക്ഷേത്രത്തിൽ പ്രത്യേക പ്രാർഥനകൾ.
അഭിഷേകവും അർച്ചനയും ഉൾപ്പെടെ വഴിപാടുകളാണ് കമലയുടെ വിജയത്തിനുവേണ്ടി ധർമശാസ്ത പെരുമാൾ ക്ഷേത്രത്തിൽ ഗ്രാമവാസികൾ നടത്തിയത്.
കമല ഹാരിസ് വിജയിച്ചാൽ അന്നദാനവഴിപാടും നടത്തുമെന്ന് പ്രദേശത്തെ കൗൺസിലൽ അരുൾമൊഴി പറഞ്ഞു. കമല വിജയിച്ചാൽ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികൾ.
കമല ഹാരിസിന്റെ അമ്മ ശ്യാമളയുടെ അച്ഛൻ പി.വി. ഗോപാലനും ഭാര്യ രാജവും കഴിഞ്ഞിരുന്നത് ഇവിടെയാണ്. തുടർന്ന് ദന്പതികൾ 1930ൽ ചെന്നൈയിലേക്ക് കുടിയേറുകയായിരുന്നു. ചെന്നൈയിൽവച്ചാണ് ശ്യാമള ജനിച്ചത്.
1958ൽ തന്റെ 19 ാം വയസിൽ പഠനത്തിനായി യുഎസിലേക്കുപോയ ശ്യാമള ജമൈക്കൻ സ്വദേശി ഡൊണാൾഡ് ജെ. ഹാരിസിനെ വിവാഹം ചെയ്തു. പിന്നീട് ഇവർ വിവാഹമോചിതരായി. ദന്പതികളുടെ മൂത്ത മകളാണ് കമല. ഇളയയാൾ മായ.