വിക്കിപീഡിയയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചു
Wednesday, November 6, 2024 2:33 AM IST
ന്യൂഡൽഹി: പക്ഷപാതപരമെന്നും കൃത്യതയില്ലെന്നും പരാതികൾ ഉയർന്നതിനെത്തുടർന്ന് പ്രമുഖ ഓണ്‍ലൈൻ സർവവിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചു.
ഒരു ചെറുസംഘത്തിന് വിക്കിപീഡിയയുടെ ഉള്ളടക്കത്തിൽ എഡിറ്റോറിയൽ നിയന്ത്രണമുണ്ടെന്നും ഇതു നിഷ്പക്ഷതയെ സ്വാധീനിക്കുന്നുണ്ടെന്നും കേന്ദ്രം നോട്ടീസിൽ ചൂണ്ടിക്കാട്ടി. വിക്കിപീഡിയയിലെ വിവരങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന ഇത്തരം എഡിറ്റോറിയൽ സംഘങ്ങളുള്ളപ്പോൾ എന്തുകൊണ്ടാണ് വിക്കിപീഡിയയെ പ്രസാധകരായി കണക്കാക്കാൻ കഴിയാത്തതെന്ന് കേന്ദ്രം ചോദിച്ചു.
ആർക്കും എഡിറ്റ് ചെയ്യാൻ കഴിയുന്ന സ്വതന്ത്ര സർവവിജ്ഞാനകോശമായ വിക്കിപീഡിയ തങ്ങൾ വിവരങ്ങളുടെ പ്രസാധകരല്ല, മധ്യവർത്തികൾ മാത്രമാണെന്ന് അവകാശപ്പെട്ടതിന്റെ വെളിച്ചത്തിലാണു കേന്ദ്രത്തിന്റെ ചോദ്യം.
സന്നദ്ധരായവർക്ക് വിജ്ഞാനസംബന്ധമായ ഏതൊരു വിഷയത്തിലും വിക്കിപീഡിയയിൽ പേജുകൾ എഡിറ്റ് ചെയ്യാനും പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കുവാനും സാധിക്കുമെന്നിരിക്കേ വിവരങ്ങളിൽ കൃത്യതയില്ലെന്നാരോപിച്ചു നിരവധി പരാതികൾ വന്നിരുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കി.
അതേസമയം, തങ്ങൾക്കെതിരേ അപകീർത്തികരമായ വിവരങ്ങൾ നൽകിയെന്നാരോപിച്ചു വാർത്താവിതരണ ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ (എഎൻഐ) വിക്കിപീഡിയയ്ക്കെതിരേ നൽകിയ പരാതി കോടതിയുടെ പരിഗണനയിലാണ്.
ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ ഇവിടെ ജോലി ചെയ്യരുതെന്ന് കേസ് പരിഗണിക്കുന്നതിനിടെ ഡൽഹി ഹൈക്കോടതി വിക്കിപീഡിയയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എഎൻഐയുടെ വിവരങ്ങളടങ്ങിയ വിക്കിപീഡിയ പേജിൽ അപകീർത്തിപരമായ പരാമർശങ്ങൾ എഴുതിയ അക്കൗണ്ടുകളുടെ വിവരങ്ങൾ വിക്കിപീഡിയ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നായിരുന്നു കോടതിയുടെ വിമർശനം.