സൽമാൻ ഖാന് തുടർച്ചയായി വധഭീഷണി, അഞ്ച് കോടി ആവശ്യപ്പെട്ടു
Wednesday, November 6, 2024 2:33 AM IST
മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. വർളിയിലെ മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ തിങ്കളാഴ്ചയാണു ഭീഷണിസന്ദേശമെത്തിയത്.
താൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരനാണെന്നും കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിൽ ബിഷ്ണോയി സമുദായത്തിന്റെ ക്ഷേത്രത്തിലെത്തി പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ അഞ്ചു കോടി രൂപ നല്കണമെന്നും ഇവയൊന്നും അനുസരിക്കുന്നില്ലെങ്കിൽ നിങ്ങൾ കൊലചെയ്യപ്പെടുമെന്നുമായിരുന്നു സന്ദേശം. ഇതിനിടെ, സൽമാന്റെ വസതിയിൽ സുരക്ഷ വർധിപ്പിച്ചുവെന്നും സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും മുംബൈ പോലീസ് അറിയിച്ചു.
കൊലക്കുറ്റമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ലോറൻസ് ബിഷ്ണോയി നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ വിചാരണത്തടവുകാരനാണ്. ഒക്ടോബർ 29ന് സമാനമായ രീതിയിൽ സൽമാൻ ഖാനും മഹാരാഷ്ട്ര എൻസിപി നേതാവ് സീഷാൻ സിദ്ദിഖിക്കും ട്രാഫിക് പോലീസിന്റെ വാട്സാപ്പിൽ ഭീഷണി സന്ദേശമെത്തിയിരുന്നു. രണ്ടുകോടി രൂപ വേണമെന്നായിരുന്നു ആവശ്യം. ഭീഷണി കാര്യമായെടുത്തില്ലെങ്കിൽ സീഷാന്റെ പിതാവും മുൻ മന്ത്രിയുമായിരുന്ന ബാബാ സിദ്ദിഖിക്കുണ്ടായ അനുഭവം ഇരുവർക്കുമുണ്ടാകുമെന്നുമായിരുന്നു ഭീഷണി.
ഒക്ടോബർ 12ന് ബാന്ദ്രയിൽവച്ച് മൂന്ന് അക്രമികളുടെ വെടിയേറ്റാണ് ബാബാ സിദ്ദിഖി കൊല്ലപ്പെട്ടത്. ഇതിനിടെ, സൽമാൻ ഖാന്റെ വസതിക്കു സമീപം താമസിക്കുന്നയാൾ പോലീസ് പിടിയിലായി. കഴിഞ്ഞമാസം ജാർഖണ്ഡിലെ ജംഷഡ്പുർ, ഉത്തർപ്രദേശിലെ നോയിഡ എന്നിവിടങ്ങളിൽനിന്ന് ഒരാൾവീതം സമാനമായ കേസിൽ പിടിയിലായിരുന്നു.
ഏപ്രിലിൽ സൽമാൻ ഖാന്റെ വസതിക്കു സമീപം വെടിയുതിർത്തു ഭീഷണി മുഴക്കിയിരുന്നു. സൽമാൻ ഖാനെ വധിക്കാനായി ലോറൻസ് ബിഷ്ണോയി സംഘം ഗൂഢാലോചന നടത്തിയത് നവി മുംബൈ പോലീസ് കണ്ടെത്തിയിരുന്നു.