സർക്കാരിന് ഏറ്റെടുക്കാവുന്ന സ്വകാര്യസ്വത്തിൽ വ്യക്തത വരുത്തി സുപ്രീംകോടതി
Wednesday, November 6, 2024 2:33 AM IST
ന്യൂഡൽഹി: ഭരണഘടനയുടെ ആർട്ടിക്കിൾ 39 (ബി) പ്രകാരം എല്ലാ സ്വകാര്യസ്വത്തുക്കളും പൊതുനന്മയ്ക്കുള്ള പൊതുസ്വത്തായി (മെറ്റീരിയൽ റിസോഴ്സസ് ഓഫ് ദ കമ്യൂണിറ്റി) സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയതിനൊപ്പം സർക്കാരിന് ഏറ്റെടുക്കാവുന്ന സ്വകാര്യസ്വത്തിൽ സുപ്രീംകോടതി വ്യക്തത വരുത്തുകയും ചെയ്തു.
പൊതുനന്മയ്ക്കായി ഉപയോഗിക്കാവുന്ന സ്വകാര്യസ്വത്ത് എല്ലാവർക്കുമായി പങ്കുവയ്ക്കാൻ ഭരണഘടനാ അനുച്ഛേദം 39(ബി) സർക്കാരിനോടു നിർദേശിക്കുന്നുണ്ട്. എന്നാൽ, എല്ലാ സ്വകാര്യസ്വത്തിനെയും ഈ ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
അതേസമയം, ചില സ്വകാര്യസ്വത്തുക്കൾ 39(ബി) വകുപ്പിന്റെ പരിധിയിൽ വരുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വനം, ധാതുക്കൾ, കുളങ്ങൾ, തണ്ണീർത്തടങ്ങൾ, സ്പെക്ട്രം എന്നിവ സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിൽ ഉണ്ടാകാറുണ്ട്. എന്നാൽ, ഇവ 39(ബി)യുടെ പരിധിയിൽ വരുമെന്നും പൊതുനന്മയ്ക്കുള്ള പൊതുസ്വത്തായി ഉപയോഗിക്കാമെന്നും കോടതി വിധിയിൽ പറഞ്ഞു.
വിഭവങ്ങൾ സമൂഹത്തിന്റെ പൊതുനന്മയ്ക്കായി ഉപയോഗിക്കുന്പോൾ വിഭവത്തിന്റെ സ്വഭാവം, സവിശേഷതകൾ, സമൂഹത്തിന്റെ ക്ഷേമത്തിൽ വിഭവത്തിന്റെ സ്വാധീനം, ദൗർലഭ്യം എന്നിവ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക സാന്പത്തികനയം മുന്നോട്ടുവയ്ക്കലല്ല കോടതിയുടെ ചുമതലയെന്നും കോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് ആക്ട് (മേഡ) നിയമവുമായി ബന്ധപ്പെട്ട കേസാണ് കോടതിയുടെ പരിഗണനയ്ക്കെത്തിയത്. മേഡ നിയമത്തിൽ 1986ൽ കൊണ്ടുവന്ന ഭേദഗതിപ്രകാരം 70 ശതമാനം താമസക്കാരുടെ അനുമതിയുണ്ടെങ്കിൽ മാസവാടകയുടെ 100 ഇരട്ടി നൽകി സ്വകാര്യ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടങ്ങൾ ഏറ്റെടുത്ത് അറ്റകുറ്റപ്പണി ചെയ്യാനും പൊതുനന്മയ്ക്കായി പുനർവിതരണം ചെയ്യാനും സർക്കാരിനു കഴിയും. ഇതാണു കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. 1992ൽ ഫയൽചെയ്യപ്പെട്ട ഹർജി 2002ലാണ് ഒന്പതംഗ ഭരണഘടനാ ബെഞ്ചിലേക്കു വിട്ടത്. രണ്ടു പതിറ്റാണ്ടിനുശേഷമാണ് ബെഞ്ച് വാദം കേട്ടത്.