ഉത്തരാഖണ്ഡിൽ ബസ് കൊക്കയിൽ വീണ് 36 പേർ മരിച്ചു
Tuesday, November 5, 2024 2:49 AM IST
മർച്ചൗല: ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് കൊക്കയിൽ വീണ് 36 പേർ മരിച്ചു. പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന 24 പേരിൽ നാലു പേരുടെ നില ഗുരുതരമാണ്.
ഗഡ്വാൾ മേഖലയിലെ പൗരിയിൽനിന്ന് കുമയോണിലെ രാംനഗറിലേക്കു വരിയായിരുന്നു ബസ് ഇന്നലെ രാവിലെ എട്ടിനാണ് അപകടത്തിൽപ്പെട്ടത്.
ദീപാവലി അവധിക്കുശേഷം ജോലിസ്ഥലത്തേക്കു പോകുന്ന യാത്രക്കാരെ കുത്തിനിറച്ച ബസ് അൽമോറയിൽ 200 അടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു. 43 സീറ്റുള്ള ബസിൽ 60 പേരുണ്ടായിരുന്നുവെന്നാണ് ഏകദേശകണക്ക്.
സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും അനുശോചിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസനിധിയിൽനിന്ന് യഥാക്രമം നാലു ലക്ഷം രൂപയും ഒരുലക്ഷം രൂപയും ധനസഹായം നല്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.