ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾ സന്പദ്വ്യവസ്ഥ തകർക്കുന്നു: ഖാർഗെ
Tuesday, November 5, 2024 2:48 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വീണ്ടും കടന്നാക്രമിച്ച് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
സാധാരണക്കാരുടെ അവസാന പൈസയും കൊള്ളയടിച്ച് കനത്ത സാന്പത്തികപ്രതിസന്ധിയാണു ബിജെപി സർക്കാർ സൃഷ്ടിച്ചിരിക്കുന്നതെന്നും ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾ രാജ്യത്തെ സന്പദ്വ്യവസ്ഥ നശിപ്പിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു. പ്രതിപക്ഷത്തിനെതിരേ കള്ളങ്ങൾ പ്രചരിപ്പിക്കാതെ തെരഞ്ഞെടുപ്പുറാലികളിൽ യഥാർഥ പ്രശ്നങ്ങളെപ്പറ്റി സംസാരിക്കാൻ മോദിയെ ഖാർഗെ വെല്ലുവിളിച്ചു.
ഭക്ഷ്യവിലപ്പെരുപ്പം 9.2 ശതമാനത്തിലെത്തി. പച്ചക്കറിയുടെ വിലപ്പെരുപ്പം ഓഗസ്റ്റിലെ 10.7 ശതമാനത്തിൽനിന്ന് 14 മാസത്തെ ഏറ്റവും ഉയർന്ന കണക്കായ 36 ശതമാനത്തിലേക്ക് സെപ്റ്റംബറിൽ ഉയർന്നെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
ഗാർഹിക സന്പാദ്യം 50 വർഷത്തെ ഏറ്റവും കുറവിലേക്കെത്തി. ഭക്ഷ്യവിലപ്പെരുപ്പം മൂലം ഉപഭോഗവും കുറഞ്ഞു. വാഹനവില്പനയിൽ 2.3 ശതമാനം ഇടിവുണ്ടായെന്നു ധനമന്ത്രാലയം വ്യക്തമാക്കുന്നു.
2014 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ തൊഴിലാളികളുടെ വേതനത്തിൽ വർധന വന്നിട്ടില്ലെന്നും 2019 മുതലുള്ള അഞ്ചു വർഷങ്ങൾ കൊണ്ട് അതിൽ കുറവ് വന്നെന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ഈ കണക്കുകളെല്ലാം തന്നെ രാജ്യത്തിന്റെ ശോഷിക്കുന്ന സന്പദ്വ്യവസ്ഥയുടെ നേർചിത്രമാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.
എന്നാൽ കള്ളം പ്രചരിപ്പിക്കുന്നതിൽ അഗ്രഗണ്യനായ മോദി യഥാർഥ കണക്കുകളിൽ വിശ്വസിക്കില്ലെന്ന് ഖാർഗെ പരിഹസിച്ചു. വ്യാജ വിവരണങ്ങൾ യഥാർഥ ക്ഷേമത്തിനു പകരമാകില്ലെന്നും ഖാർഗെ പറഞ്ഞു.