ബിജെപി നേതാവ് ദേവേന്ദർ റാണ അന്തരിച്ചു
Saturday, November 2, 2024 1:15 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ദേവന്ദർ സിംഗ് റാണ (59) അന്തരിച്ചു. ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ സഹോദരനാണ് റാണ. ജമ്മുവിലെ ഡോഗ്ര സമുദായത്തിന്റെ ശബ്ദമായ റാണ ബിസിനസ് രംഗത്തുനിന്നാണ് രാഷ്ട്രീയത്തിലെത്തിയത്. ജമ്മുവിലെ മുസ്ലിം വിഭാഗത്തിലും സ്വാധീനമുള്ള റാണ നഗ്രോത മണ്ഡലത്തിൽനിന്നാണ് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
നാഷണൽ കോൺഫറൻസ് നേതാവായിരുന്ന റാണ 2021ലാണ് ബിജെപിയിൽ ചേർന്നത്. റാണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള തുടങ്ങിയവർ അനുശോചിച്ചു.