കോൺഗ്രസ് എംഎൽഎമാരുടെ കൂറുമാറ്റം: പരാതി തള്ളി സ്പീക്കർ
Saturday, November 2, 2024 1:15 AM IST
പനാജി: ഗോവയിൽ ബിജെപിയിലേക്കു കൂറുമാറിയ എട്ട് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന കോൺഗ്രസിന്റെ പരാതി സ്പീക്കർ രമേശ് തവാഡ്കർ തള്ളി.
കോൺഗ്രസ് പ്രതിനിധികളായ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്, അലക്സോ സെക്വീര, സങ്കൽപ് അമോങ്കർ, മൈക്കൽ ലോബോ, ഡെലീല ലോബോ, കേദാർ നായിക്, റുഡോൾഫ് ഫെർണാണ്ടസ്, രാജേഷ് ഫല്ദേശായി എന്നിവരെ അയോഗ്യരാക്കണമെന്ന ഗോവ കോൺഗ്രസ് മുൻ അധ്യക്ഷൻ ഗിരീഷ് ചോദങ്കറിന്റെ ആവശ്യമാണ് സ്പീക്കർ നിരസിച്ചത്.
2022ലാണ് എട്ടുപേരും ഭരണകക്ഷിയായ ബിജെപിക്കൊപ്പം ചേർന്നത്. ഇതേത്തുടര്‍ന്ന് എംഎല്‍എമാർക്കെതിരേ കോണ്‍ഗ്രസ് നേതൃത്വം സ്പീക്കറെ സമീപിക്കുകയായിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്റെ ലംഘനമാണ് എംഎല്‍എമാരുടെ നടപടിയെന്നായിരുന്നു വാദം.
സഭാ നടപടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കരുത്, എംഎല്‍എമാരുടെ ആനുകൂല്യങ്ങള്‍ അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങളും ഉണ്ടായിരുന്നു.
ഗോവയിൽ കോണ്‍ഗ്രസിന് ആകെയുള്ള 11 എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം പാർട്ടി വിട്ടുവെന്ന ന്യായത്തിലാണ് അയോഗ്യതാ നടപടി നിരാകരിച്ചതെന്നു വാദമുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര നടന്ന വേളയിലായിരുന്നു കൂറുമാറ്റം.