ആഗോള അന്തരീക്ഷമലിനീകരണ റാങ്കിംഗിൽ ഡൽഹി ഒന്നാമത്
Saturday, November 2, 2024 1:15 AM IST
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ ആഗോളതലത്തിൽ അന്തരീക്ഷ മലിനീകരണ തോത് ഏറ്റവും ഉയർന്ന നഗരമായി ഡൽഹി. സ്വിസ് സ്ഥാപനമായ ഐക്യു എയറിന്റെ കണക്കനുസരിച്ചാണ് ഡൽഹി അന്തരീക്ഷ വായു മലിനീകരണ തോതിൽ ഒന്നാമതെത്തിയത്.
സർക്കാരിന്റെ വിലക്കുകളെല്ലാം ലംഘിച്ച് പടക്കം പൊട്ടിച്ചതാണ് മലിനീകരണത്തോത് ഉയരാൻ കാരണം. ഇന്നലെ പുലർച്ചെ നഗരത്തിൽ രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാരത്തോത് (എക്യുഐ) 400ന് അടുത്താണ്.
നേരം പുലരുവോളം ദീപാവലി ആഘോഷം നീണ്ടതോടെ തീപിടിത്തം ഉൾപ്പെടെ 318 അപകട കോളുകളാണ് അഗ്നിരക്ഷാസേനയ്ക്കു ലഭിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനും ഇന്നലെ പുലർച്ചെ അഞ്ചിനുമിടയിലാണ് ഇത്രയും കോളുകൾ വന്നത്. 13 വർഷത്തെ ദീപാവലി ആഘോഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന അപകടനിരക്കാണിതെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറയുന്നു.
ആർ.കെ. പുരം, ആനന്ദ് വിഹാർ തുടങ്ങിയ സ്ഥലങ്ങളിലാണ് മലിനീകരണം അതിരൂക്ഷാവസ്ഥയിൽ നിലനിൽക്കുന്നത്. എക്യുഐ 395 മുകളിലാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എക്യുഐ പൂജ്യത്തിനും 50നും ഇടയിലുള്ളവയാണ് മികച്ചതായി കണക്കാക്കുന്നത്.
51 മുതൽ 100 വരെ തൃപ്തികരവും 301നും 401നുമിടയിലുള്ള തോത് വളരെ മോശം അവസ്ഥയെയും സൂചിപ്പിക്കുന്നു. തോത് 400നു മുകളിൽ കടക്കുന്നതോടെ ഗുരുതരാവസ്ഥയിലും 450 കടക്കുന്നതോടെ മലിനീകരണത്തോത് അതീവ ഗുരുതരാവസ്ഥയിലെത്തിയതായും കണക്കാക്കും.
അതേസമയം, മലിനീകരണത്തോത് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കുറവായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് രംഗത്തുവന്നു. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം ആളുകൾ പാലിച്ചതാണ് ഇതിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.