വിമാനങ്ങൾക്കു വ്യാജബോംബ് ഭീഷണി: യുവാവ് കീഴടങ്ങി
Saturday, November 2, 2024 1:15 AM IST
നാഗ്പുർ: രാജ്യമെന്പാടുമുള്ള വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും തകർക്കുമെന്ന വ്യാജ ബോംബ് ഭീഷണിയുടെ സൂത്രധാരനെന്നു സംശയിക്കുന്ന 35കാരൻ മഹാരാഷ്ട്രയിലെ നാഗ്പുരിൽ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
കിഴക്കൻ മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ അർജുനി മോർഗാവ് സ്വദേശിയായ ജഗദീഷ് ശ്രിയാം യുകെയ് ആണ് വിമാനമാർഗം നാഗ്പുരിലെത്തി കീഴടങ്ങിയത്.
കീഴടങ്ങണമെന്നു കാണിച്ച് പോലീസ് ഇയാൾക്കു നോട്ടീസ് നൽകിയിരുന്നു. 2021ലും വ്യാജബോംബ് ഭീഷണി മുഴക്കിയതിന്റെ പേരിൽ ഇയാള് അറസ്റ്റിലായിരുന്നു. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ഭീകരപ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ആതങ്കവാദ്-ഏക് തുഫാനി രാക്ഷസ് എന്ന പുസ്തകം രചിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞമാസം 26 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് സർവീസ് നടത്തുന്ന മുന്നൂറിലേറെ വിമാനങ്ങൾക്കാണ് ജഗദീഷ് ശ്രിയാം വ്യാജ ഭീഷണിസന്ദേശം അയച്ചത്. കഴിഞ്ഞ മാസം 22നു മാത്രം 50 വിമാനങ്ങൾക്കു നേരേ ഭീഷണി മുഴക്കിയിരുന്നു.
ഡൽഹിയിൽനിന്നാണ് ഇയാൾ ഭീഷണിസന്ദേശം അയച്ചത്. വിമാനങ്ങൾക്കു പുറമേ കഴിഞ്ഞ 21നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും ഭീഷണിസന്ദേശം അയച്ചിരുന്നു. ഇതേത്തുടർന്ന് റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്തു.