കിഴക്കൻ ലഡാക്കിൽ : നാലു വർഷത്തിനുശേഷം പട്രോളിംഗ് ആരംഭിച്ചു
Saturday, November 2, 2024 1:15 AM IST
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) നിന്നുള്ള സൈനിക പിന്മാറ്റത്തെത്തുടർന്ന് സൈന്യം പട്രോളിംഗ് ആരംഭിച്ചു.
നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രദേശത്തു പട്രോളിംഗ് ആരംഭിക്കുന്നത്. കിഴക്കൻ ലഡാക്കിലെ ഡെംചോക്ക് സെക്ടറിൽ ഇന്ത്യൻ സൈന്യം പട്രോളിംഗ് ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ഡെപ്സാംഗ് സെക്ടറിൽ പട്രോളിംഗ് ഉടൻ പുനരാരംഭിക്കുമെന്നും സൈന്യം വ്യക്തമാക്കി. ഈ മേഖലകളിൽനിന്ന് ഇരു രാജ്യങ്ങളുടെയും സൈനികർ പൂർണമായും പിന്മാറിയ ശേഷമാണ് പട്രോളിംഗ് നടപടികൾ സൈന്യം ആരംഭിച്ചത്.
പട്രോളിംഗ് ഷെഡ്യൂളുകളുടെ രൂപരേഖ തയാറായിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കും അവരുടെ പട്രോളിംഗ് ഷെഡ്യൂളുകളെപ്പറ്റി പരസ്പരം ധാരണ ഉണ്ടായിരിക്കും.
കരാർപ്രകാരം ചൈന തങ്ങളുടെ സൈന്യത്തെ പൂർണമായും പിൻവലിച്ചോയെന്ന് ഇന്ത്യൻ സേന നിരീക്ഷിച്ചുവരികയാണ്. ഏറ്റവും താഴെത്തട്ടിൽ അന്വേഷണം നടത്തി സൈനികർ വിവരം കൈമാറുമെന്ന് മുതിർന്ന സേന ഉദ്യോഗസ്ഥർ അറിയിച്ചു.
ദീപാവലിയോടനുബന്ധിച്ച് ഇരു രാജ്യങ്ങളിലെയും സൈനികർ മധുരം കൈമാറിയിരുന്നു. ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്സ്, കാരക്കോറം പാസ്, ദൗലത്ത് ബേഗ് ഓൾഡി, കോങ്ക്ല, ചുഷുൽ മോൾഡോ എന്നീ അതിർത്തി പോയിന്റുകളിലാണ് സൈന്യം പരസ്പരം മധുരപലഹാരങ്ങൾ കൈമാറിയത്.