മുൻ കേന്ദ്രമന്ത്രി ആർ.സി.പി. സിംഗ് പുതിയ പാർട്ടി രൂപവത്കരിച്ചു
Friday, November 1, 2024 3:08 AM IST
പാറ്റ്ന: മുൻ കേന്ദ്രമന്ത്രി ആർ.സി.പി. സിംഗ് പുതിയ പാർട്ടി രൂപവത്കരിച്ചു. ആപ് സബ്കി ആവാസ് എന്നാണു പാർട്ടിയുടെ പേര്. ഒരുകാലത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ഉറ്റ അനുയായി ആയിരുന്നു സിംഗ്. പിന്നീട് ഇദ്ദേഹം നിതീഷുമായി തെറ്റി.
ഒരു വർഷം മുന്പ് ആർ.സി.പി. സിംഗ് ബിജെപിയിൽ ചേർന്നെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. നിതീഷിനെപ്പോലെ കുർമി സമുദായ അംഗമാണ് ആർ.സി.പി. സിംഗ്. ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം 2010ലാണ് ജെഡി-യുവിൽ ചേർന്നത്. തുടർന്ന് രണ്ടു തവണ രാജ്യസഭാംഗമായി.
2021ൽ നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിയായി. സിംഗിനോടുള്ള അനിഷ്ടംകാരണം മൂന്നാം തവണ രാജ്യസഭാ സീറ്റ് നല്കാൻ നിതീഷ്കുമാർ തയാറായില്ല. തുടർന്ന് ആർ.സി.പി. സിംഗ് മന്ത്രിസ്ഥാനം രാജിവച്ചു.