ദക്ഷതാ പഥക് പുരസ്കാരം പ്രഖ്യാപിച്ചു
Friday, November 1, 2024 2:23 AM IST
ന്യൂഡൽഹി: വിവിധ മേഖലയിലെ അന്വേഷണമികവിന് പോലീസ് ഉദ്യോഗസ്ഥർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ‘ദക്ഷത പഥക്’പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രവർത്തനം, അന്വേഷണം, ഇന്റലിജൻസ്, ഫോറൻസിക് സയൻസ് മേഖലകളിലെ മികച്ച പ്രകടനത്തിന് രാജ്യത്തെ 463 പോലീസ് ഉദ്യോഗസ്ഥരാണ് പുരസ്കാരത്തിന് അർഹരായത്.
എറണാകുളം റേഞ്ച് വിജിലന്‍സ് എസ്പി എസ്. ശശിധരൻ, ഡിവൈഎസ്പി എൻ.ആർ. ജയരാജ്, പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ എസ്. ഷീജ എന്നിവരാണ് കേരള പോലീസിൽനിന്നു പുരസ്കാരത്തിന് അർഹരായവർ.
സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31നാണ് ദക്ഷത പഥക് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്. നാഷണൽ സെക്യൂരിറ്റി ഗാർഡ്, ആസാം റൈഫിൾസ് തുടങ്ങിയ സേനകളിലെ അംഗങ്ങൾക്കും പുരസ്കാരത്തിന് അർഹതയുണ്ട്.
എറണാകുളം റൂറല്‍ എസ്പിയായിരുന്ന സമയത്ത് അന്വേഷിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകക്കേസിന്റെയും കൊച്ചി ഡിസിപിയായിരുന്ന സമയത്ത് അന്വേഷണം നടത്തിയ ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന്റെയും അന്വേഷണ മികവിനാണു എസ്. ശശിധരന് പുരസ്കാരം. 2018 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ എസ്പി ശശിധരന് പാലക്കാട് വടക്കുഞ്ചേരി സ്വദേശിയാണ്.
ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത് ശ്രീനിവാസൻ വധക്കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത് ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന എൻ.ആർ. ജയരാജാണ്.