ഡൽഹിയിൽ അന്തരീക്ഷമലിനീകരണം അതിരൂക്ഷം
Friday, November 1, 2024 2:23 AM IST
ന്യൂഡൽഹി: മലിനീകരണം കുറയ്ക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്പോഴും രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം ശോചനീയ അവസ്ഥയിൽ തുടരുകയാണ്.
ദീപാവലി ദിനത്തിൽ രാവിലെ ഡൽഹിയിലും സമീപപ്രദേശങ്ങളിലും കടുത്ത പുകമഞ്ഞായിരുന്നു. ഇന്നലെ രാവിലെ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 400 ന് മുകളിലാണു രേഖപ്പെടുത്തിയത്.
ദീപാവലി ആഘോഷങ്ങൾ കഴിയുന്നതോടെ സൂചിക ഇനിയും ഉയരും. വായു ഗുണനിലവാര സൂചിക പൂജ്യത്തിനും 50 നും ഇടയിൽ ആയെങ്കിലേ ആരോഗ്യപരമായ ശ്വസനം സാധ്യമാകുകയുള്ളൂ.
ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ വായു ഗുണനിലവാരം "മോശം’, "വളരെ മോശം’ എന്നീ വിഭാഗങ്ങളിലാണ് തുടരുന്നത്. ദീപാവലി ആഘോഷങ്ങൾക്കുശേഷം "അതീവ ഗുരുതരം’ എന്ന വിഭാഗത്തിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐഐടിഎം) അറിയിച്ചു.
അതേസമയം ഡൽഹിയിൽ പടക്ക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.